തിരുവനന്തപുരം: തുണിയിലും ഗ്ലാസ് ഫൈബറിലുമായി ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച 'ഫാബി' എന്ന ഇലക്ട്രിക് വാഹനം ഇന്തോനേഷ്യയിലെ ലോംബോകിൽ നടന്ന ഷെൽ ഇക്കോ മാരത്തോൺ ഏഷ്യ പസഫിക് ആൻഡ് മിഡിൽ ഈസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനവും ലോകത്തിൽ 17ാം സ്ഥാനവും നേടി. ഫൈബറിൽ നിർമ്മിച്ചതിനാലാണ് ഫാബി എന്ന് പേരിട്ടത്. കോളേജിലെ പ്രവേഗ എന്ന സംഘത്തിലെ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലെ 23അംഗ സംഘമാണ് ബ്ലൂ ഷാർക്ക് എന്ന മീനിന്റെ ആകൃതിയിൽ വാഹനം നിർമ്മിച്ചത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ മലിനീകരണവുമില്ല. ഒരാൾക്ക് മാത്രം കയറാവുന്ന കാറാണിത്. പ്രത്യേക ജേഴ്സിയും ഷൂസും ഹെൽമെറ്റും ധരിക്കണം. നൂറോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ടെക്നിക്കൽ ഇൻസ്പെക്ഷൻ പാസായ ഏക ഇന്ത്യൻ ടീമും കേരളത്തിൽ നിന്ന് മത്സരിച്ച ഒരേയൊരു ടീമും പ്രവേഗയാണ്. മെക്കാനിക്കൽ എൻജിനിയറിംഗ് അവസാനവർഷ വിദ്യാർത്ഥി എ.അർജുൻ നയിച്ച ടീമിലെ 15 വിദ്യാർത്ഥികളാണ് ഇൻഡോനേഷ്യയിൽ കോളേജിനെ പ്രതിനിധീകരിച്ചത്. മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ എസ്.ഗോപകുമാർ നേതൃത്വം നൽകി.