കാട്ടാക്കട: തൂങ്ങാംപാറയിൽ വിവാഹസത്‌കാരത്തിനെത്തിയ യുവാവിനേയും ഗർഭിണിയായ ഭാര്യയേയും മർദ്ദിച്ച സംഭവത്തിലെ പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകളാണെന്ന് പരാതിക്കാരനായ ബിനീഷ് ബി.രാജു. ഇതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ബിനീഷ് പറഞ്ഞു. സ്റ്റേഷനിൽ കീഴടങ്ങിയ എം.ബി.മനു, എസ്.സുമിത്, എസ്.വി.ആദർശ്, അനൂപ് അർജുനൻ എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 7.50ന് തൂങ്ങാംപാറ കൃപ ഓഡിറ്റോറിയത്തിനു മുന്നിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അക്രമിസംഘം ഇവരുടെ കാറിന്റെ ഗ്ലാസും അടിച്ചുതകർത്തിരുന്നു. മുഖത്തും കൈയ്‌ക്കും മൂക്കിനും പരിക്കേറ്റ ബിനീഷ് നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്.
ബന്ധമില്ലെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി
തൂങ്ങാംപാറയിലെ അക്രമസംഭവം ദൗർഭാഗ്യകരമാണെന്നും ഇതിൽ ഡി.വൈ.എഫ്.ഐക്ക് യാതൊരു പങ്കുമില്ലെന്നും കാട്ടാക്കട ബ്ലോക്ക് സെക്രട്ടറി ആർ.രതീഷ് അറിയിച്ചു. വാഹനം മാറ്റാൻ ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരുണ്ടായിരുന്നു. ഇതല്ലാതെ പ്രവർത്തകർ ആക്രമണം നടത്തിയിട്ടില്ലെന്നും രതീഷ് പറഞ്ഞു.