തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി തിരുനെൽവേലിയിലേക്കുള്ള യാത്രാമദ്ധ്യേ ആംബുലൻസിൽ വച്ച് മരിച്ചു. തിരുനെൽവേലി വെള്ളാംഗുലി പള്ളിവാസൽ നോർത്ത് സ്ട്രീറ്റ് 8‍\88 ൽ പീർ മൈദീൻ (68)​ആണ് നാട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽവെച്ച് മരിച്ചത്. ഇന്നലെ രാവിലെ 11.50ന് ലുലുമാളിന് സമീപം റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ചാണ് പീർ മൈദീന് പരിക്കേറ്റത്. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഇദ്ദേഹത്തെ തിരുനെൽവേലിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. നാഗർകോവിലിൽ എത്തിയപ്പോഴേക്കും ഡ്രിപ്പ് കയറാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശാരിപ്പള്ളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പീർ മൈദീന് ഭാര്യയും നാല് മക്കളുമുണ്ട്.