തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പി.ആർ.ഒ റാങ്ക് ലിസ്റ്റിനെതിരെ പരാതി ഉയർന്നെങ്കിലും, റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയ പുരുഷ ഉദ്യോഗാർത്ഥിക്ക് ദേവസ്വം ബോർഡ് നിയമന ഉത്തരവ് അയച്ചു. എഴുത്തു പരീക്ഷയിൽ ഒന്നാമതെത്തിയ വനിതാ ഉദ്യോഗാർത്ഥി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണിതെന്നാണ് ആരോപണം.
എഴുത്തു പരീക്ഷയിൽ തിരുവനന്തപുരം സ്വദേശിനി എ.ബി നിതയ്‌ക്കാണ് ഉയർന്ന മാർക്ക് ലഭിച്ചത്. പ്രവേശന പരീക്ഷയിൽ 70 മാർക്ക് ലഭിച്ച നിതയ്ക്ക് ഇന്റർവ്യൂവിൽ മൂന്ന് മാർക്ക് നൽകി 73 മാർക്കോടെ രണ്ടാം സ്ഥാനം നൽകി. 67 മാർക്ക് ലഭിച്ച പുരുഷ ഉദ്യോഗാർത്ഥിക്ക് അഭിമുഖത്തിൽ ഏഴു മാർക്ക് നൽകി 74 മാർക്കോടെ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരനാക്കി . ഇക്കാര്യം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ മാദ്ധ്യമങ്ങളെ അറിയിച്ചു..