വിഴിഞ്ഞം: വെങ്ങാനൂർ വി.പി.എസ് മലങ്കര എച്ച് എസ്.എസിന്റെ ലാബ് കുത്തിത്തുറന്ന് 10 ലാപ്‌ടോപ്പുകളും കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ചു. സ്കൂളിലെ ഒന്നാം നിലയിലുള്ള എച്ച്.എസ്.എസ്, എച്ച്.എസ് കമ്പ്യൂട്ടർ ലാബുകളുടെ പൂട്ടുകൾ തകർത്താണ് മോഷണം നടത്തിയത്. മോഷണം പോയവയിൽ പ്രിന്ററുകൾ,​ ലിറ്റിൽ കൈറ്റ്സ് കിറ്റുകൾ എന്നിവയും ഉൾപ്പെടുന്നു. ചൊവ്വാഴ്ച അവധിക്കുശേഷം ഇന്നലെ സ്‌കൂൾ തുറന്നപ്പോഴാണ് മോഷണവിവരം സ്‌കൂളധികൃതർ അറിഞ്ഞത്. രണ്ടു ലാബുകളുടെയും വാതിലുകളുടെ പൂട്ടുകൾ കാണാനില്ല. സി.സി ടിവിയിൽ മുഖംമറച്ച രണ്ടുപേരുടെ ദൃശ്യങ്ങൾ ലഭിച്ചതായി വിഴിഞ്ഞം എസ്.എച്ച്.ഒ പ്രകാശ് പറഞ്ഞു. വിരലടയാള വിദഗ്‌ദ്ധരും ഡോഗ് സ്‌ക്വാഡും തെളിവെടുത്തു.