തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ കൂടുതൽ നിയമനടപടികളിലേക്കില്ലെന്ന് അപകടത്തെ അതിജീവിച്ച രവീന്ദ്രൻ നായർ പറഞ്ഞു. സംഭവത്തിൽ ആർക്കെതിരെയും പരാതിയില്ലെന്നും എന്നാൽ ഇത്തരമൊരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ വേണമെന്നും രവീന്ദ്രൻ പറഞ്ഞു. മന്ത്രി വീണാജോർജ് കാണാനെത്തിയപ്പോൾ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു. രവീന്ദ്രൻ സി.പി.ഐയുടെ തലസ്ഥാനത്തെ പ്രധാനപ്പെട്ട പ്രവർത്തകനും ഭാര്യ മെഡിക്കൽ കോളേജിലെ ജീവനക്കാരിയുമാണ്. ഈ സാഹചര്യത്തിലാണ് സർക്കാരിനെ മോശമാക്കുന്ന തരത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകേണ്ടെന്ന് തീരുമാനിച്ചത്. ചില ജീവനക്കാരുടെ ഭാഗത്തെ വീഴ്ച ആരോഗ്യവകുപ്പിന്റെ വീഴ്ചയായി കാണാനാകില്ലെന്നും രവീന്ദ്രൻ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറി. അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡീലക്സ് പേ വാർഡിൽ രവീന്ദ്രൻ ചികിത്സയിൽ തുടരുകയാണ്. മറ്റു പ്രശ്നങ്ങളില്ലെങ്കിലും നേരത്തെയുണ്ടായിരുന്ന നടവുന്റെ തേയ്മാനത്തിനുള്ള ചികിത്സകളാണ് നടക്കുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് രവീന്ദ്രൻ.