thootta

മുടപുരം: നിരവധിപേർക്ക് യാത്രാ സൗകര്യം ഒരുക്കിയിരുന്ന മുടപുരം കലുങ്ക്- തോട്ടത്തിൽകാവ് റോഡ് തകർന്നിട്ട് കാലങ്ങളായി. കുണ്ടും കുഴിയുമായിക്കിടക്കുന്ന റോഡിന്റെ പകുതി ഭാഗം മാത്രമാണ് വിവിധ ഘട്ടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ വഴി ടാർ ചെയ്തത്.

മുടപുരം കലുങ്ക് ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച് തോട്ടത്തിൽ നാഗരുകാവ് ദുർഗാദേവീ ക്ഷേത്രത്തിന്റെ മുന്നിലൂടെ ചിറ്റാരിക്കോണം റോഡിൽ എത്തിച്ചേരുന്ന പാതയാണ് ഇത്. ആ റോഡ് വഴി കൊച്ചാലുംമൂട്, കുറക്കട വഴി നാഷണൽ ഹൈവേയിൽ എത്തിചേരാൻ കഴിയും. അഴൂർ, കിഴുവിലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. റോഡ് പൊളിഞ്ഞു കിടക്കുന്നതിനാൽ മുടപുരം ഗവ.യു.പി സ്‌കൂളിലെ കുട്ടികളും ഗുരുകുലം ജംഗ്‌ഷൻ, തെങ്ങുംവിള ജംഗ്‌ഷൻ തുടങ്ങിയ ബസ് സ്റ്റോപ്പിലേക്ക് വരുന്ന യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.

2003ൽ പി.ഗോപിനാഥൻ കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ ആയിരുന്നപ്പോൾ അനുവദിച്ച 8000 രൂപകൊണ്ട് തോടിന്റെ വരമ്പ് നടപ്പാതയാക്കി. പിന്നീട് ലഭിച്ച 1ലക്ഷം രൂപകൊണ്ട് 8 മീറ്റർ വീതിയിൽ കുറച്ച് ഭാഗം സൈഡ് വാൾ നിർമ്മിച്ചു. ശൈലജ ബീഗം ജില്ലാപഞ്ചായത്ത് മെമ്പർ ആയിരുന്നപ്പോൾ അനുവദിച്ച 25 ലക്ഷം കൊണ്ട് കൂടുതൽ ഭാഗം സൈഡ് വാൾ നിർമ്മിച്ച് മണ്ണിട്ട് നികത്തി. 2019 - 20 സാമ്പത്തിക വർഷത്തിൽ ആർ.ശ്രീകണ്ഠൻ നായർ ജില്ലാപഞ്ചായത്ത് മെമ്പർ ആയിരുന്നപ്പോൾ അനുവദിച്ച 25 ലക്ഷം രൂപകൊണ്ട് കൂടുതൽ ഭാഗത്ത് സൈഡ് വാൾ നിർമ്മിച്ചു. 2022 -23 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കവിത സന്തോഷിന്റെ ശ്രമഫലമായി ലഭിച്ച 7.50 ലക്ഷം കൊണ്ട് റോഡിന്റെ പകുതി ഭാഗം ടാർ ചെയ്തു. കൂടാതെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുലാലിന്റെ ശ്രമഫലമായി 7 .51 ലക്ഷം രൂപകൊണ്ട് വക്കത്തുവിളയിൽ നിന്ന് തോട്ടത്തിൽ നാഗരുകാവ് ക്ഷേത്രത്തിനു മുന്നിൽ വരെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്തു. എന്നിട്ടും റോഡിന്റെ പകുതി ഭാഗം തകർന്ന് തന്നെകിടക്കുകയാണ്.