തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സർവീസ് സ്റ്റേഷനിൽ നിന്നുള്ള മാലിന്യങ്ങൾ ആമയിഴഞ്ചാൻ തോട്ടിലേക്ക് തള്ളുന്നത് ഒഴിവാക്കാൻ എഫ്ളുവെന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റും ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ക്രമീകരിക്കാൻ കെ.എസ്. ആർ.ടി.സിക്ക് നിർദ്ദേശം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.

പ്ലാമൂട്, കോസ്‌മോ ആശുപത്രി, കണ്ണമ്മൂല, പാറ്റൂർ എന്നിവിടങ്ങളിലെ വാട്ടർ അതോറിട്ടി പമ്പിംഗ് സ്റ്റേഷനുകളിൽ നിന്ന് ഓവർഫ്ളോ വെള്ളം ഒഴുകുന്നത് തടയാൻ നടപടിയെടുക്കണം. മൃഗശാലയിൽ മലിനജല സംസ്‌കരണ പ്ലാന്റ് പ്രവർത്തിപ്പിക്കണമെന്നും മാലിന്യ സംസ്‌കരണത്തിന് സംവിധാനമൊരുക്കണമെന്നും നിർദ്ദേശിച്ചു.

വീടുകളിൽ നിന്ന് തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാൻ കർശന നടപടിയെടുക്കും. തകരപ്പറമ്പ്, പാറ്റൂർ, വഞ്ചിയൂർ, ജനശക്തി നഗർ, കണ്ണമ്മൂല എന്നിവിടങ്ങളിലെ വാണിജ്യ/ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ആമയിഴഞ്ചാൻ തോട്ടിലേക്ക് ഒഴുക്കുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കും. നീർച്ചാലുകളുടെ സംരക്ഷണം, പരിപാലനം, മേൽനോട്ടം എന്നിവയ്ക്കായി ജനകീയ പരിപാടി ആസൂത്രണം ചെയ്യും. ഇതിനായി നീർച്ചാൽ കമ്മിറ്റികൾ രൂപീകരിക്കൽ, കുട്ടികളുടെ മേൽനോട്ടത്തിൽ നീർച്ചാൽ പരിപാലനം തുടങ്ങി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യും.