karnadaka

കർണാടകയിൽ സ്വകാര്യമേഖലയിലെ ഉദ്യോഗ ഒഴിവുകളും കന്നഡക്കാർക്ക് സംവരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിലോമകരവും ഭരണഘടനാ വിരുദ്ധവുമായ നീക്കം തുടക്കത്തിൽത്തന്നെ പൊളിഞ്ഞതിൽ അത്ഭുതമില്ല. മുൻപിൻ ആലോചിക്കാതെ തയ്യാറാക്കുകയും മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും ചെയ്ത വിവാദ ബിൽ ആസന്നമായ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കാനായിരുന്നു തീരുമാനം. എന്നാൽ ബില്ലിന്റെ തനിരൂപം പുറത്തുവന്ന് മണിക്കൂറുകൾക്കകം അതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നു. ലക്ഷക്കണക്കിന് അന്യസംസ്ഥാനക്കാർ വിവിധ മേഖലകളിൽ പണിയെടുക്കുന്ന കർണാടക നഗരങ്ങളിൽ ഇത്തരം പിന്തിരിപ്പൻ നിയമം പ്രാബല്യത്തിൽ വന്നാലുണ്ടാകാവുന്ന കനത്ത ആഘാതം സാമാന്യബോധമുള്ള ആർക്കും മനസിലാകും. എന്നാൽ ബിൽ കൈയടിച്ചു പാസാക്കിയ സംസ്ഥാന മന്ത്രിസഭാംഗങ്ങൾക്ക് അപകടം മനസിലായില്ല. സ്വകാര്യ വ്യവസായ മേഖല ഒന്നടങ്കം സർക്കാർ നീക്കത്തിനെതിരെ സംഘടിച്ച് മുന്നോട്ടുവന്നപ്പോഴാണ് അതു ബോദ്ധ്യമായത്.

വിവാദ ബിൽ തൽക്കാലത്തേക്ക് മാറ്റിവയ്ക്കാനുള്ള തീരുമാനമുണ്ടായത് ഈ പശ്ചാത്തലത്തിലാണ്. ബിൽ സമൂലം പരിശോധിച്ച് ഉചിത തീരുമാനമെടുക്കാനാണ് ഉദ്ദേശിക്കുന്നതത്രെ. പതിറ്റാണ്ടുകൾക്കു മുൻപ് രാജ്യത്ത് ആദ്യമായി 'മണ്ണിന്റെ മക്കൾ" വാദം ഉയർന്നത് മഹാരാഷ്ട്രയിലാണ്. എല്ലാ മേഖലകളിലെയും ഉദ്യോഗങ്ങൾ മറാഠികൾക്കു മാത്രമായി നീക്കിവയ്ക്കണമെന്ന വാദമുയർത്തി ശിവസേന രംഗത്തുവന്നതോടെ മുംബയിൽ നിന്ന് അനവധി അന്യസംസ്ഥാനക്കാർ ആട്ടിയോടിക്കപ്പെട്ടു. ഈ സങ്കുചിത പ്രാദേശിക വാദത്തിന് വെള്ളവും വളവും നൽകിയാണ് ശിവസേന വളർന്നത്. മണ്ണിന്റെ മക്കൾ വാദം കുറച്ചുകാലം അരങ്ങു തകർത്തെങ്കിലും ക്രമേണ എല്ലാം പഴയ പടിയായി. പിന്നീട് ആന്ധ്രയിലും ഹരിയാനയിലും സ്വന്തം നാട്ടുകാർക്ക് ഉദ്യോഗ ഒഴിവുകളിൽ മുഖ്യപങ്കും മാറ്റിവയ്ക്കാൻ ശ്രമം നടന്നെങ്കിലും കോടതി ഇടപെട്ട് വിഫലമാക്കുകയായിരുന്നു.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അതിനുശേഷവും ഭരണഘടനാ സംരക്ഷണം എന്നതാണ് കോൺഗ്രസിന്റെ പ്രധാന മുദ്രാവാക്യം. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസാണ് ഇപ്പോൾ കർണാടകം ഭരിക്കുന്നത്. ഭരണഘടനയ്ക്കു നിരക്കാത്ത മണ്ണിന്റെ മക്കൾ നിയമവുമായി കർണാടക സർക്കാർ മുന്നോട്ടുവന്നതിലെ അനർത്ഥവും അനൗചിത്യവും പകൽപോലെ വ്യക്തമാണ്. ദശലക്ഷക്കണക്കിന് അഭ്യസ്തവിദ്യരാണ് ബംഗളൂരു ഉൾപ്പെടെയുള്ള കർണാടക നഗരങ്ങളിൽ ജോലിചെയ്യുന്നത്. എണ്ണായിരത്തിലേറെ കമ്പനികളിലാണ് ഇത്. ഐ.ടി ഉൾപ്പെടെ വിവിധ മേഖലകളിൽ മലയാളികൾ മാത്രം പത്തുലക്ഷം പേരുണ്ടെന്നാണ് കണക്ക്. 'മണ്ണിന്റെ മക്കൾ"ക്കായി തൊഴിൽ സംവരണ നിയമം നടപ്പായാൽ പുറത്തുനിന്നുള്ളവരുടെ ജോലിസാദ്ധ്യത ക്രമേണ കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകും.

അധികാരം നിലനിറുത്താൻ നീതിക്കു നിരക്കാത്ത ഏതു വഴിയിലൂടെയും രാഷ്ട്രീയകക്ഷികൾ നീങ്ങുമെന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണിത്. ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്യാൻ കക്ഷത്ത് ഭരണഘടനയുടെ കോപ്പിയുമായി എത്തിയ കോൺഗ്രസ് നേതാക്കൾക്ക് കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഈ നെറികേടിനെപ്പറ്റി എന്താണ് പറയാനുള്ളതെന്ന് വ്യക്തമല്ല. കർണാടകം കൊണ്ടുവരാനുദ്ദേശിക്കുന്ന സങ്കുചിത നിയമം മറ്റു സംസ്ഥാനങ്ങളും അനുകരിച്ചാലുണ്ടാകാവുന്ന ഗുരുതര പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. വ്യവസായങ്ങളുടെ നിലനില്പിനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു തന്നെയും ഇത്തരം നീക്കങ്ങൾ വിഘാതമാകും. നാട്ടുകാരെ രക്ഷിക്കാാൻ വേണ്ടിയല്ല, അധികാരം നിലനിറുത്താൻ മാത്രമുള്ള കുടില നീക്കമായേ ഇതിനെ കാണാനാവൂ. രാജ്യത്തെ ഒന്നായി കാണണമെന്നു വാദിക്കുന്ന കോൺഗ്രസ് തലപ്പത്തുള്ളവർ വേണം സിദ്ധരാമയ്യയെപ്പോലുള്ള പിന്തിരിപ്പൻ ഭരണാധികാരികളെ തിരുത്താൻ.