ചില മനുഷ്യരുടെ ജന്മം അവരുടെ ഈടുറ്റ കർമ്മത്താൽ മനുഷ്യരാശിക്കു മുഴുവൻ പ്രയോജനകരമായി മാറും. കേരളത്തിന്റെ സൽപുത്രന്മാരിൽ ഒരാളെന്ന് അഭിമാനപൂർവം വിശേഷിപ്പിക്കാവുന്ന ഡോ. എം.എസ്. വല്യത്താൻ ഈ കർക്കിടകത്തിന്റെ ആദ്യ നഷ്ടങ്ങളിലൊന്നായി മാറിയിരിക്കുന്നു. ബഹുമുഖ പ്രതിഭ എന്ന വാക്ക് ധാരാളമായി ഉപയോഗിക്കപ്പെടാറുണ്ടെങ്കിലും അപൂർവമായി ഡോക്ടർ വല്യത്താനെപ്പോലുള്ള വ്യക്തികൾക്ക് അത് ചേരുംപടി ചേരുന്ന വിശേഷണം തന്നെയാണ്. ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്ന അദ്ദേഹത്തിന്റെ വൈഭവത്തിന്റെ ഏറ്റവും വലിയ ഗുണം ലഭിച്ചത് സ്വന്തം നാടിനു തന്നെയാണ്; ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് എന്ന പേരിൽ! ചികിത്സയ്ക്കൊപ്പം ഗവേഷണം നടത്തുന്ന സ്ഥാപനം കൂടിയാണ് ഒരു ആശുപത്രിയെന്ന് മലയാളികൾ ആദ്യമറിഞ്ഞത് ഈ ഇൻസ്റ്റിറ്റ്യൂട്ടിലൂടെയാണ്.
ആധുനിക മെഡിക്കൽ ശാസ്ത്രത്തിന്റെ വളർച്ച എൻജിനിയറിംഗ്, സയൻസ് തുടങ്ങിയ വിവിധ ശാഖകളുടെ കൂട്ടായ പ്രവർത്തനമാണെന്ന് ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന് തെളിയിക്കാൻ കഴിഞ്ഞത് ഡോക്ടറുടെ കാഴ്ചപ്പാടിന്റെ മികവിലൂടെയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ നിലനിൽപ്പിന്റെയും വളർച്ചയുടെയും അടിസ്ഥാനം മരുന്നുകൾ, വാക്സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയിലാണെന്ന് മനസിലാക്കാനും, അതിനുവേണ്ടി പ്രവർത്തിച്ച് ലക്ഷ്യത്തിലെത്തുവാനും കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തദ്ദേശീയമായി സ്റ്റെന്റുകളും മറ്റും വികസിപ്പിച്ച, ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ആദ്യ കേന്ദ്രങ്ങളിലൊന്നാണ് ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്. ഇറക്കുമതി ചെയ്യുന്ന സ്റ്റെന്റുകൾക്കും മറ്റും സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ വാങ്ങുമ്പോൾ അതേ ഗുണമേന്മയോടെ കുറഞ്ഞ വിലയ്ക്ക് സ്റ്റെന്റുകൾ ഇന്ത്യയിൽ നിർമ്മിക്കാനാവുമെന്ന് തെളിയിച്ചത് പാവപ്പെട്ട രോഗികളുടെ ചികിത്സയിൽ സൃഷ്ടിച്ച മുന്നേറ്റം ചെറുതല്ല.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് അദ്ദേഹം എം.ബി.ബി.എസ് നേടിയത്. ആദ്യ ബാച്ചുകാരനായിരുന്നു അദ്ദേഹം. യൂണിവേഴ്സിറ്റി ഒഫ് ലിവർപൂളിൽ നിന്ന് എം.എസ് കരസ്ഥമാക്കി. എഫ്.ആർ.സി.എസ് കൂടി എടുത്തശേഷമാണ് തിരികെ ഇന്ത്യയിലേക്കു വന്നത്. ചണ്ഡിഗറിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കുറച്ചുകാലം ജോലിചെയ്തു. ജോലിയും ഗവേഷണവും ഒന്നിച്ചു പോകേണ്ടതാണെന്ന തിരിച്ചറിവ് ജീവിതത്തിലുടനീളം അദ്ദേഹം പുലർത്തിയിരുന്നു. ജോൺ ഹോപ്കിൻസ് അടക്കമുള്ള വിദേശ സർവകലാശാലകളിൽ ഹൃദയശസ്ത്രക്രിയയിൽ ഉന്നത പഠനം നടത്തി. ഇത്രയും സാമർത്ഥ്യം പുലർത്തുന്ന ആരും സാധാരണഗതിയിൽ കേരളത്തിലേക്ക് തിരിച്ചു വരാത്തതാണ്. പക്ഷേ നാടിനോടുള്ള ബന്ധവും, പ്രത്യേകിച്ച് തിരുവിതാംകൂർ രാജകുടുംബത്തോടുള്ള ആദരവും അദ്ദേഹത്തെ നാട്ടിലേക്കു വരാൻ പ്രേരിപ്പിച്ചതായി കരുതാം.
വിദേശയാത്രകൾ നടത്തുന്ന വളരെയേറെപ്പേരുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിൽ, കൊവിഡിന്റെ അനുഭവ പശ്ചാത്തലത്തിൽ വൈറൽ രോഗങ്ങളുടെ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്താൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളിൽ ഒരു സാംക്രമികരോഗ ഗവേഷണ കേന്ദ്രം തുടങ്ങണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം വല്യത്താനോടുള്ള ആദരമെന്ന നിലയിൽ നമുക്ക് നടപ്പാക്കാൻ കഴിയണം. ലോകത്തെ തന്നെ ആദ്യ സർജിക്കൽ പത്തോളജി ഗ്രന്ഥമെന്ന് വിശേഷിപ്പിക്കാവുന്ന സുശ്രുത സംഹിതയെക്കുറിച്ച് അദ്ദേഹം രചിച്ച 'സുശ്രുത പൈതൃക"വും, അഷ്ടാംഗഹൃദയത്തെ ആധുനിക ചികിത്സകർക്ക് പരിചയപ്പെടുത്തുന്ന 'വാഗ്ഭട പൈതൃക"വും ആധുനിക പാശ്ചാത്യ ചികിത്സാരീതിയെ പൂർണമായി ഉൾക്കൊണ്ട് ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിൽ ആയുവേദത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന കൃതികളാണ്. പത്മവിഭൂഷൺ ഉൾപ്പെടെ ഇന്ത്യയിലെയും വിദേശത്തെയും നിരവധി ബഹുമതികൾക്ക് അദ്ദേഹം അർഹനായി. പൂർണതയുള്ള ഒരു ജീവിതം ജീവിക്കാൻ കഴിഞ്ഞ ആ ചികിത്സാ ഗവേഷകന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു.