തിരുവനന്തപുരം: തോടുകളിലും ഓടകളിലും അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യമലയാണ് ചെറുമഴയിൽ പോലും നഗരത്തെ മുക്കുന്നത്. കൃത്യമായി ശുചീകരിക്കാതെ ഒഴുക്ക് തടസപ്പെട്ടാണ് അനന്തപുരി മുങ്ങുന്നത്. നഗരത്തിലെ പ്രധാന നദികളും തോടുകളും ഇന്ന് മാലിന്യ വാഹിനികളാണ്. പട്ടം, ഉള്ളൂർ, കരിയിൽ, തെറ്റിയാർ തോടുകളും തെക്കനംകര കനാലും കിള്ളി, കരമനയാറുകളും പാർവതീപുത്തനാറും ഇന്ന് പഴയതുപോലെയല്ല. മാലിന്യമല ചുമക്കുന്ന, നഗരത്തിന്റെ ചവറ്റുകുട്ടകളായി മാറി ഇവ.
പഴകിയൊഴുകി പുത്തനാർ
രാജഭരണകാലത്ത് ചരക്കുഗതാഗതത്തിന്റെ പ്രധാന സഞ്ചാര മേഖലയായിരുന്ന പാർവതി പുത്തനാർ ഇന്ന് മാലിന്യ വാഹിനിയാണ്. ഒരുകാലത്ത് ശുദ്ധജലം ഒഴുകിയിരുന്ന ഇവിടെ ഇന്ന് പ്ലാസ്റ്റിക്കും സ്വീവേജും ഉൾപ്പെടെ ടൺ കണക്കിന് മാലിന്യം കെട്ടിക്കിടക്കുന്നു. ചളിയും കുളവാഴകളും അറവു മാലിന്യങ്ങളും മനുഷ്യവിസർജ്യങ്ങളും സുലഭം. വിവിധയിനം മത്സ്യങ്ങളുടെ ആവാസകേന്ദ്രമായിരുന്ന ഇവിടെ നിലവിൽ മത്സ്യങ്ങളെ കണികാണാനാകില്ല. അടിത്തട്ട് മുതൽ മുകൾപ്പരപ്പ് വരെ അടിഞ്ഞുകൂടിയിരിക്കുന്ന ഇരുമ്പ് അവശിഷ്ടങ്ങളും പ്ലാസ്റ്രിക് മാലിന്യവും പരിസ്ഥിതിക്കും വിനാശകരമാണ്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത വേനൽ മഴയിൽ ടൺ കണക്കിന് മാലിന്യമാണ് പുത്തനാറിലൂടെ കടലിലേക്ക് ഒഴുകിയത്.
നീരൊഴുക്കിന്റെ വഴികൾ
ഉള്ളൂർ, പട്ടം, പഴവങ്ങാടി, ആമയിഴഞ്ചാൻ തോടുകളിലൂടെയാണ് നഗരത്തിലെ നീരൊഴുക്ക് പ്രധാനമായുള്ളത്. ആക്കുളം കായലിലേക്കും തുടർന്ന് വേളി പൊഴിയിലൂടെ അറബിക്കടലിലേക്കുമാണ് വെള്ളമൊഴുകുന്നത്. കരിമഠത്ത് നിന്നാരംഭിക്കുന്ന തെക്കനംകര കനാൽ, പാർവതി പുത്തനാറിലെത്തി, പൂന്തുറ പൊഴിയിലൂടെയാണ് അറബിക്കടലിലെത്തുന്നത്. കരമനയാറും കിള്ളിയാറും നഗരത്തിലെ വെള്ളം അറബിക്കടലിലേക്കെത്തിക്കുന്നു. കരിയിൽ, തെറ്റിയാർ തോടുകളും തലസ്ഥാനത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ഒഴുക്ക് തടസപ്പെടുമ്പോഴാണ് നഗരം വെള്ളത്തിലാകുന്നത്.
പിടിമുറുക്കി പകർച്ചവ്യാധികൾ
മാലിന്യക്കൂമ്പാരമായ നഗരത്തിൽ നിലവിൽ എപ്പോഴും പകർച്ചവ്യാധികൾ പകരുകയാണ്. മഴകൂടി എത്തിയതോടെ ഇത് ഇരട്ടിയായി. പനിക്കണക്കിലും മുന്നിലാണ് തലസ്ഥാന നഗരം. മാലിന്യ സംസ്കരണവും കൊതുക് നിവാരണവും കാര്യക്ഷമമായി നടത്താത്തതാണ് ഇതിനു കാരണം. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകൾ വൃത്തിയാക്കുന്ന ജോലി പാതിവഴിയിൽ ഉപേക്ഷിച്ചതും ആക്കം കൂട്ടി. അജൈവ മാലിന്യങ്ങൾ നഗരസഭയുടെ ശേഖരണകേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നു. എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നഗരത്തിൽ പലയിടങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. ഇവ മഴയിൽ റോഡിലേക്കും വീടുകളിലേക്കും ഒലിച്ചെത്തും. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൊതുക് നിവാരണവും മന്ദഗതിയിലാണ്. ബോധവത്കരണം, പ്രതിരോധ മരുന്ന് വിതരണം എന്നിവ നടക്കുന്നുമില്ല.