vliyathan

തിരുവനന്തപുരം : ഹൃദയസ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് ജീവന്റെ കാവൽക്കാരനായി നിലകൊണ്ട വിഖ്യാത ഹൃദയശസ്ത്രക്രിയ വിദഗ്ദ്ധൻ പദ്മവിഭൂഷൺ മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ (ഡോ. എം.എസ്. വല്യത്താൻ 90) വിടവാങ്ങി. ബുധനാഴ്ച രാത്രി ഒൻപതരയോടെ കർണാടകയിലെ മണിപ്പാൽ യൂണിവേഴ്സിറ്റി ക്യാമ്പസിനോടു ചേർന്ന വസതിയിലായിരുന്നു അന്ത്യം.

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സ്ഥാപക ഡയറക്ടറും മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വി.സിയുമാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നലെ രാവിലെ 9.30ന് മണിപ്പാലിനു സമീപം ഉഡുപ്പിലെ ശ്മശാനത്തിൽ നടന്നു. ഔപചാരികമായ ചടങ്ങുകൾ പാടില്ലെന്ന് വല്യത്താൻ പറഞ്ഞിരുന്നതിനാൽ അതെല്ലാം ഒഴിവാക്കി. ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ കാരണം വിശ്രമത്തിലായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ മെന്റർ ആയിരുന്ന അദ്ദേഹം ആഴ്ചയിലൊരിക്കൽ ക്യാമ്പസിലെ തന്റെ ഓഫീസിലെത്തി ഗവേഷണ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തിയിരുന്നു. രാജ്യത്ത് ആദ്യമായി കുറഞ്ഞ ചെലവിൽ ഹൃദയ വാൽവ് നിർമ്മിക്കുന്നതിലുൾപ്പെടെ നിരവധി ജീവൻരക്ഷാഗവേഷണങ്ങൾക്കു ചുക്കാൻ പിടിച്ചത് വല്യത്താനാണ്.

മാവേലിക്കര, കാവൽകൊട്ടാരത്തിൽ മാർത്താണ്ഡവർമ്മയുടെയും ജാനകി വർമ്മയുടെയും മകനായി 1934ലാണ് ജനിച്ചത്.

 തിരുവനന്തപുരം മെഡി. കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായി എം.ബി.ബി.എസും ലിവർപൂൾ സർവകലാശാലയിൽ നിന്ന് ശസ്ത്രക്രിയയിൽ ബിരുദാനന്തര ബിരുദവും നേടി. ജോൺസ് ഹോപ്കിൻസ്, ജോർജ് വാഷിംഗ്ടൺ, ജോർജ്ടൗൺ യൂണിവേഴ്സിറ്റി ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽനിന്ന് ഹൃദയ ശസ്ത്രക്രിയയിൽ പരിശീലനം നേടിയ ശേഷം 1972ൽ ഇന്ത്യയിലേക്ക് തിരികെയെത്തി. അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിപ്പടുക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.

അലോപ്പതിയും ആയുർവേദവും കലഹിക്കുമ്പോഴും ഇവയെല്ലാം സമന്വയിപ്പിച്ച് 'ഹോളിസ്റ്റിക്" ചികിത്സാരീതി പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ച് വല്യത്താൻ സംസാരിച്ചു. 1990ൽ പത്മഭൂഷണും 2005ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. ആധുനിക വൈദ്യശാസ്ത്രത്തെയും ആയുർവേദത്തെയും സംബന്ധിക്കുന്ന നിരവധി രചനകളും അദ്ദേഹത്തിന്റേതായുണ്ടായി.
മണിപ്പാൽ യൂണിവേഴ്സിറ്റി ഓർത്തോഡോന്റിക്‌സ് മുൻ പ്രൊഫസറായ പഞ്ചാബ് സ്വദേശി ഡോ. അഷിമയാണ് ഭാര്യ. മക്കൾ: ഡോ. മനീഷ് (അമേരിക്കയിലെ ക്ലീവ് ലാൻഡ് കെയ്സ് വെസ്റ്റേൺ റിസർച്ച് യൂണിവേഴ്സിറ്റി ദന്തൽ സ്‌കൂൾ അസോസിയേറ്റ് പ്രൊഫസർ), ഡോ. മന്നാ വല്യത്താൻ (മണിപ്പാൽ യൂണിവേഴ്സിറ്റി പതോളജി പ്രൊഫസർ). മരുമക്കൾ: മാധവി, ഡോ. സുരേഷ് പിള്ള (മണിപ്പാൽ യൂണിവേഴ്സിറ്റി ഇ.എൻ.ടി പ്രൊഫസർ).