തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ ശാശ്വത പരിഹാരം കാണണമെന്നാണ് നഗരവാസികളുടെ ആവശ്യം. കൃത്യമായ മാലിന്യനീക്കം ഇല്ലാത്തതാണ് തോട് മാലിന്യ വാഹിനിയാകാൻ കാരണം. സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ ഉപയോഗിക്കുന്ന ഗ്രിറ്റ് സംവിധാനത്തിലൂടെ ആമയിഴഞ്ചാനിലെ മാലിന്യത്തെ കരകയറ്റാനാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. നിലവിൽ ജല അതോറിട്ടിയുടെ കുര്യാത്തിയിലെ പമ്പിംഗ് സ്റ്റേഷൻ, പാറ്റൂർ ഡിവിഷൻ ഓഫീസ്, മുട്ടത്തറ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് എന്നിവിടങ്ങളിൽ ഗ്രിറ്റ് ചേംബർ പ്രവർത്തിക്കുന്നുണ്ട്. സ്വാഭാവിക നീരൊഴുക്ക് സുഗമമാക്കാനുള്ള മാർഗമാണിത്. ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേ ടണലിനു മുമ്പിലുള്ള ഭാഗത്ത് ഗ്രിറ്റ് ചേംബർ സ്ഥാപിച്ചാൽ മാലിന്യം കടക്കുന്നത് ഒഴിവാക്കാം. ഇതിന് റെയിൽവേയുടെ അനുമതിയും ആവശ്യമില്ല. ടണലിന്റെ മറ്റ് ഭാഗങ്ങളിലും ഈ സംവിധാനം ഏർപ്പെടുത്താവുന്നതാണ്.
ഗ്രിറ്റ് ചേംബർ
ഒഴുക്കു വെള്ളത്തിലെ ഖരമാലിന്യം ശേഖരിക്കാനായി സ്ഥാപിക്കുന്നത്. സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്താതെ ഖരമാലിന്യത്തെ സ്റ്റെയിൻലെസ് സ്റ്റീൽ ഗ്രിൽ തടഞ്ഞ് നിറുത്തും. അടിഞ്ഞുകൂടുന്ന മാലിന്യം നിശ്ചിത ഇടവേളകളിൽ ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ചോ നേരിട്ടോ നീക്കം ചെയ്യാം.
പൗരബോധം കുറഞ്ഞ സമൂഹമാണ് മാലിന്യം വലിച്ചെറിയുന്നത്. ഉപയോഗശൂന്യമായതെന്തും ഓടകളിലേക്കും തോടുകളിലേക്കും പുഴകളിലേക്കും വലിച്ചെറിയുന്ന സാഹചര്യത്തിൽ ഖരമാലിന്യം വേർതിരിക്കാനുള്ള ശാസ്ത്രീയ സംവിധാനം ഏർപ്പെടുത്തിയേ മതിയാകൂ.
-പി.ശ്രീകുമാരൻ നായർ
കേന്ദ്രപരിസ്ഥിതി ആഘാത നിർണയ
അതോറിട്ടി വിദഗ്ദ്ധ സമിതി മുൻ അംഗം