പോത്തൻകോട്: കഴക്കൂട്ടം മുതൽ അടൂർ വരെ നീളുന്ന സുരക്ഷിത ഇടനാഴി (സേഫ് കോറിഡോർ) യുടെ ഭാഗമായ പോത്തൻകോട് ജംഗ്ഷനിൽ അഴിയാക്കുരുക്ക്. ദേശീയപാത 66ന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ യാത്രക്കാർ ഈ റൂട്ടിനെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതോടെ പകലും രാത്രിയും ഇവിടം വൻഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. എം.സി റോഡിനെ ബന്ധിപ്പിച്ച് നിർമ്മിച്ച കഴക്കൂട്ടം - തൈക്കാട് ബൈപ്പാസ് റോഡിന്റെ നിർമ്മാണ വേളയിൽ പോത്തൻകോട് ജംഗ്ഷൻ വികസനവും ലക്ഷ്യമിട്ടിരുന്നെങ്കിലും ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് മരവിപ്പിച്ചതാണ് പോത്തൻകോട് ജംഗ്ഷന്റെ ദുരവസ്ഥയ്‌ക്ക് കാരണം. നിലവിൽ ഇവിടെ ഗതാഗത നിയന്ത്രണത്തിന് ട്രാഫിക് വാർഡൻ ഉണ്ടെങ്കിലും ഫലമില്ല. മംഗലപുരം, കഴക്കൂട്ടം, പള്ളിപ്പുറം ഭാഗങ്ങളിലേക്ക് പോകേണ്ട പാതകൾ വൺവേ ആണെങ്കിലും ഇതുകൊണ്ടൊന്നും പോത്തൻകോട്ടെ കുരുക്കിന് അറുതിവന്നിട്ടില്ല.
കുരുക്കിന്റെ വഴി
1. വെമ്പായത്തു നിന്ന് കിളിമാനൂരിലേക്ക് പോകുന്ന വാഹനങ്ങൾ വലത്തേക്ക് തിരിയുന്നത്
2. മംഗലപുരം, കഴക്കൂട്ടം ഭാഗങ്ങളിൽ നിന്നുളള വാഹനങ്ങൾ വെമ്പായത്തേക്ക് പോകാൻ കഴക്കൂട്ടം - കിളിമാനൂർ റോഡ് ക്രോസ് ചെയ്യുന്നത്
3) ഡിപ്പോയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ വരവും പോക്കും
4. പോത്തൻകോട് - കിളിമാനൂർ റോഡിലെ മാർക്കറ്റും ഓട്ടോ സ്റ്റാൻഡും
5. വെമ്പായം - മംഗലപുരം പാതയിലെ ഓട്ടോ സ്റ്റാൻഡുകൾ
പരിഹാരം
1.വെമ്പായം - വെഞ്ഞാറമൂട് ഭാഗത്തേക്കുള്ള വാഹനങ്ങൾ വലത്തേക്ക് തിരിയരുത്
2. ഈ വാഹനങ്ങൾ നിലവിലെ വൺവേ റോഡ് വഴിയാക്കണം
3. ഫ്ലെക്സിബിൾ ഡെലിനിയേറ്ററുകൾ സ്ഥാപിക്കണം
4. ജംഗ്ഷനിലെ വിവിധയിടങ്ങളിൽ മീഡിയനോ ലാഡർ ഹാച്ചിംഗോ നൽകണം
5. പോത്തൻകോട് - വെഞ്ഞാറമൂട് റാേഡിൽ ഇരുവശത്തും പാർക്കിംഗ് നിരോധിക്കുക
6. ഓട്ടോകളുടെ അനധികൃത പാർക്കിംഗും സ്റ്റാൻഡും മാറ്റണം
7. ട്രാഫിക് സിഗ്നലിന്റെ സാദ്ധ്യത തേടുക
പോത്തൻകോട് ജംഗ്ഷൻ
കഴക്കൂട്ടം - കിളിമാനൂർ, വെമ്പായം - കന്യാകുളങ്ങര, പോത്തൻകോട് - മംഗലപുരം ഭാഗങ്ങളിലേക്കുള്ള റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനാണിത്. കെ.എസ്.ആർ.ടി.സി പോത്തൻകോട് ബസ് ഡിപ്പോ, കഴക്കൂട്ടം - കിളിമാനൂർ റൂട്ടിലേക്ക് നേരിട്ടുകടക്കുന്ന തരത്തിലാണ് പോത്തൻകോട് മാർക്കറ്റും. കൂടാതെ ചെറുതും വലുതുമായ ഒട്ടനവധി കടകളും ഇവിടെയുള്ളതിനാൽ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ ജംഗ്‌ഷനിലെത്തും.
സുരക്ഷിത ഇടനാഴി
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ വഴി കടന്നുപോകുന്ന സുരക്ഷിത ഇടനാഴി 78.65 കിലോമീറ്ററിൽ കഴക്കൂട്ടം മുതൽ അടൂർ വരെ നീളുന്നതാണ് . 146.67 കോടിയായിരുന്നു ചെലവ്.
ക്യാപ്ഷൻ : പടം 1) പോത്തൻകോട് ജംഗ്ഷനിലെ ട്രാഫിക് കുരുക്ക് അനുഭവപ്പെടുന്ന റാേഡുകൾ
പടം 2) ട്രാഫിക് കുരുക്ക് പരിഹരിക്കുന്ന മാർഗ്ഗങ്ങൾ അടയാളപ്പെടുത്തിയ റോഡ് ഭാഗങ്ങൾ