k

തിരുവനന്തപുരം: കണ്ണൂർ, കാലിക്കറ്റ്, എം.ജി, മലയാളം, സാങ്കേതിക സർവകലാശാലകളിൽ 116 കോടി രൂപയുടെ മരാമത്ത് പണികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക്.

പാനൽ ടെൻഡർ ക്ഷണിക്കാതെയും ഊരാളുങ്കലിന് കരാറുകൾ നൽകിയിട്ടുണ്ട്. കണ്ണൂർ-42 കോടി, കാലിക്കറ്റ്- 30 കോടി, എം.ജി- 1.5കോടി, മലയാളം-1കോടി, സാങ്കേതികം- 42കോടി എന്നിങ്ങനെയാണ് കരാറുകൾ. കേരള സർവകലാശാല ഊരാളുങ്കലിന് കരാർ നൽകിയിട്ടില്ല. ടി.വി. ഇബ്രാഹിമിന്റെ ചോദ്യത്തിന് മന്ത്രി ആർ.ബിന്ദുവാണ് നിയമസഭയെ ഇക്കാര്യമറിയിച്ചത്.

കേന്ദ്രസർക്കാരും യു.ജി.സിയും അനുവദിക്കുന്ന ഗ്രാന്റാണ് സർവകലാശാലകൾ ചെലവിട്ടത്.

എല്ലാസർവകലാശാലകളിലും എക്സിക്യുട്ടീവ് എൻജിനിയർമാരുടെ നേതൃത്വത്തിൽ എൻജിനിയറിംഗ് വിഭാഗം ഉള്ളപ്പോഴാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുൾപ്പെടെയുള്ള ജോലികൾ പുറം കരാറുകാർക്ക് നൽകുന്നത്. കെട്ടിടനിർമ്മാണം, മാർക്ക്‌ ടാബുലേഷൻ ഷീറ്റുകളുടെ ഡിജിറ്റലൈസേഷൻ ജോലികളും ഊരാളുങ്കലിന് നൽകി. എം.ജിയിൽ ബയോമെട്രിക് പഞ്ചിംഗ് മെഷീൻ നവീകരണം, ഡിജിറ്റലൈസേഷൻ ജോലികൾക്ക് കെൽട്രോൺ, സിഡിറ്റ് എന്നിവ ടെൻഡർ നൽകിയെങ്കിലും പിന്മാറി.

കരാർ തുകയുടെ പരമാവധി 20 ശതമാനം മാത്രമേ അഡ്വാൻസ് നൽകാൻ പാടുള്ളൂ. എന്നാൽ ഊരാളുങ്കലിന് കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് 50ശതമാനം അഡ്വാൻസ് അനുവദിച്ചു. ഇത് ചട്ടവിരുദ്ധമാണെന്ന് സർക്കാരിന്റെ ഓഡിറ്റ് വിഭാഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മരാമത്ത് - ഡിജിറ്റലൈസേഷൻ ജോലികൾ ഊരാളുങ്കൽ സൊസൈറ്റിക്ക് ടെൻഡർ ഒഴിവാക്കി നൽകുന്നതിലൂടെ വൻ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നെന്നും അന്വേഷണം നടത്തണമെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകി.