കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ കൊല്ലോട് വാർഡിൽ കോട്ടപ്പുറത്ത് വനിതകൾക്കായി ആരംഭിക്കാനിരുന്ന വനിതാമന്ദിര നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്.
കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കുന്ന 'ഒപ്പം' പദ്ധതിയുടെ ഭാഗമായാണ് വനിതാ മന്ദിരം പണിയാൻ തീരുമാനിച്ചത്. മണ്ഡലത്തെ സ്ത്രീ സൗഹൃദമാക്കുന്നതിനായും സ്ത്രീകളുടെ സാമൂഹിക പദവിയും അന്തസും ഉയർത്താൻ ഉതകുന്നതും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയുമാണ് ഒപ്പം പദ്ധതി ലക്ഷ്യമിടുന്നത്.
മന്ദിരത്തിൽ സ്ത്രീകൾക്കായി സെമിനാറുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ നടത്താനുള്ള കോൺഫറൻസ് ഹാൾ, പരിശീലന കേന്ദ്രങ്ങൾ, മൂല്യ വർദ്ധിത ഉത്പനങ്ങൾ ഉപയോഗിച്ച് കരകൗശല വസ്തുക്കളും മറ്റും ഉണ്ടാക്കുന്നതിനുള്ള കേന്ദ്രം, സ്വയംതൊഴിൽ പരിശീലന സംവിധാനങ്ങൾ, വെയിറ്റിംഗ് ഏരിയ എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു.
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 58.23 ലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിര നിർമ്മാണത്തിന് പദ്ധതിയിട്ടച്ചത്. കോസ്റ്റ് ഫോർഡിനായിരുന്നു നിർമ്മാണ ചുമതല. മൂന്ന് നിലകൾ പണിയാവുന്ന അടിസ്ഥാനത്തോട് കൂടിയതാണ് കെട്ടിടം.
ചെലവ്----------58.23ലക്ഷംരൂപ
നിർമ്മാണ ചുമതല--------കോസ്റ്റ് ഫോർഡ്
പണി തുടങ്ങിയത്--------2021 ഫെബ്രുവരിയിൽ
പണി പാതിയിൽ
2021 ഫെബ്രുവരിയിലാണ് മന്ദിരം പണി തുടങ്ങിയത്. എന്നാലിപ്പോൾ കഴിഞ്ഞ മൂന്നര വർഷക്കാലമായി പ്രദേശം കാട് കയറിയ നിലയിലാണ്. ബെയിസ്മെന്റ് പൂർത്തിയായതോടെ സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയായി. ബില്ലുകൾ മാറാതായതോടെ കോസ്റ്റ് ഫോർഡ് പണി നിറുത്തുകയായിരുന്നു.
കിള്ളി വിപണന കേന്ദ്രവും പൂട്ടി
ഇതിനോട് ചേർന്ന് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റേതായി പൂർത്തിയാക്കിയ എസ്.ജി.എസ്.വൈ പദ്ധതിയിലെ കിള്ളി വിപണന കേന്ദ്രവും പൂട്ടിയ നിലയിലാണ്. 2010- 11 സാമ്പത്തിക വർഷം അനുമതിയായി 2012 സെപ്തംബറിൽ ഉദ്‌ഘാടനം ചെയ്തതാണ് ഈ ഇരുനില മന്ദിരം. രണ്ടുനിലകളുള്ള കെട്ടിടത്തിൽ കുറച്ചുനാൾ കുടുംബശ്രീയുടെ പ്രവർത്തനം ഉണ്ടായിരുന്നെങ്കിലും പിന്നീട് കെട്ടിടം പൂട്ടുകയായിരുന്നു. കെട്ടിടം ഐ.സി.ഡി.എസ് പ്രവർത്തനങ്ങൾക്കായി കാട്ടാക്കട ഗ്രാമപഞ്ചായത്തിന് കൈമാറിയതായി ബ്ലോക്ക് പഞ്ചായത്തംഗം പറയുന്നു.