vliyathan

തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലൂടെ എണ്ണമറ്റ ഹൃദയങ്ങളുടെ തുടിപ്പുകൾ കാത്ത ദൈവദൂതനാണ് ഡോ.എം.എസ്. വല്യത്താൻ. 1974മുതൽ 1994വരെ ശ്രീചിത്രയുടെ സ്ഥാപക ഡയറക്ടറായ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ, അന്തർദ്ദേശീയ തലത്തിൽ വളർത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ബയോമെഡിക്കൽ വിഭാഗത്തിൽ ആദ്യമായി ഹൃദയവാൽവ് നിർമ്മിച്ചത്. ഇന്നിത് ഒന്നരലക്ഷത്തിലേറെ ഹൃദയങ്ങളിൽ തുടിക്കുകയാണ്.

1976ൽ കൊല്ലം സ്വദേശി മേഴ്സി എന്ന 10 വയസുകാരിക്കായിരുന്നു അദ്ദേഹം ആദ്യത്തെ ശസ്ത്രക്രിയ നടത്തിയത്. കേരളത്തിലെ ആദ്യത്തെ ഓപ്പൺ ഹാർട്ട് സർജറിയിലൊന്നായിരുന്നു അത്. തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രതിവർഷം 600- 700 ഓപ്പൺ ഹാർട്ട് സർജറികൾ.സാധാരണക്കാരന് ചുരുങ്ങിയ ചെലവിൽ ഹൃദ്രോഗ ചികിത്സ ലഭിക്കണമെങ്കിൽ മെഡിക്കൽ ഉപകരണങ്ങളും ബയോമെറ്റീരിയൽസും ശ്രീചിത്രയിലുണ്ടാകണമെന്ന ദീർഘവീക്ഷണം അദ്ദേഹത്തെ വിശ്രമമില്ലാതെ മുന്നോട്ടു നടത്തി. ഇന്ന് സ്വന്തമായി നൂറുകണക്കിന് പേറ്റന്റുകളുള്ള ശ്രീചിത്രയുടെ ഹൃദയത്തുടിപ്പും വല്യത്താനാണ്. ഒരുകാലത്ത് വലിയ ഭീഷണിയായിരുന്ന ഹൃദയത്തിലെ മസിലുകൾ ഫൈബറുകളാകുന്ന 'എൻഡോമയോ കാർഡിയോ ഫൈബ്രോസിസ്' എന്ന രോഗത്തിന് കടിഞ്ഞാണിട്ടതും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

ശ്രീ ചിത്ര ടി.ടി.കെ

വാൽവിന്റെ പിറവി

ശ്രീചിത്രയിൽ ഹൃദയവാൽവിന് പ്രശ്നമുള്ള 400ഓളം രോഗികൾ പ്രതിമാസം എത്തിയിരുന്നു 1982 കാലത്താണ് ഇതേക്കുറിച്ചുള്ള ഗവേഷണം വല്യത്താൻ ആരംഭിച്ചത്. പൂജപ്പുരയിൽ ആരംഭിച്ച സബ്‌സെന്ററിലായിരുന്നു ഗവേഷണവും വാൽവ് നിർമാണവും. അക്കാലത്ത് ചെലവേറിയ വിദേശ ഹൃദയവാൽവാണ് ഇന്ത്യയിൽ ഉപയോഗിച്ചിരുന്നത്. പന്നിയുടെ ഹൃദയവാൽവ് സംസ്‌കരിച്ചാണ് വിദേശത്ത് നിർമ്മിച്ചിരുന്നത്. 100 പന്നിയെ കൊന്നാൽ ആരോഗ്യമുള്ള 20 വാൽവുകൾ ലഭിക്കും. കേരളത്തിൽ പന്നികളുടെ ലഭ്യതക്കുറവും കിട്ടിയാൽ ഉടൻ സംസ്‌കരിക്കാനുള്ള സംവിധാനമില്ലാത്തതും പ്രതിസന്ധിയായി. തുടർന്നാണ് പൂർണമായ കൃത്രിമവാൽവ് നിർമ്മിക്കാനുള്ള ശ്രമം അദ്ദേഹം ആരംഭിച്ചത്.

ഒരുദിവസം ഹൃദയം രക്തം പമ്പുചെയ്യാൻ ഒരുലക്ഷം പ്രാവശ്യം വാൽവ് തുറക്കുകയും അടയ്ക്കുകയും വേണം. ഒരു കൃത്രിമ വാൽവിന് കുറഞ്ഞത് 10കൊല്ലം ആയുസുണ്ടാകണം. അതായത് 36കോടി തവണ പിഴവു കൂടാതെ വാൽവ് തുറക്കുകയും അടയ്ക്കുകയും വേണം. അതിന് സങ്കീർണമായ എൻജിനിയറിംഗ് വിദ്യ വേണം. അങ്ങനെ വി.എസ്.എസ്.സിയിലെ വസന്ത് ഗോവാരിക്കർ,ശിവരാജ് രാമശേഷൻ,എസ്.ഭുവനേശ്വർ,വെങ്കട്ടരാമൻ എന്നിവരുമായി ചേർന്ന് പ്രോസ്‌തെറ്റിക് ഹൃദയവാൽവ് പി.വി.സിയും ടൈറ്റാനിയവും ഉപയോഗിച്ച് വികസിപ്പിച്ചു.

കോയമ്പത്തൂരിൽ നിന്നെത്തിച്ച ആടുകളിൽ കൃത്രിമവാൽവ് ഘടിപ്പിച്ച് പരീക്ഷിച്ചെങ്കിലും ആദ്യത്തെ മൂന്നുമോഡലും പരാജയപ്പെട്ടു. മൂന്നുമാസമെങ്കിലും ജീവിച്ചിരിക്കേണ്ട ആടുകൾ പരീക്ഷണത്തിന് പിന്നാലെ ചത്തു. വിജയിച്ച നാലാമത്തെ വാൽവാണ് 'ശ്രീചിത്ര ടി.ടി.കെ വാൽവ്' എന്നപേരിൽ ഇപ്പോൾ വിപണിയിലുള്ളത്.