തിരുവനന്തപുരം: ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിന്റെ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കാര്യാലയത്തിലേക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജലസേചന വകുപ്പിനാണ് ആമയിഴഞ്ചാൻ തോടിന്റെ ചുമതല. തദ്ദേശ സ്വയംഭരണ വകുപ്പ് കോർപ്പറേഷൻ മുഖേനയാണ് മാലിന്യ നിർമ്മാർജ്ജനം നടപ്പിലാക്കുന്നത്. ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനായി അനുവദിച്ച കോടികൾ എന്ത് ചെയ്തുവെന്ന് തദ്ദേശ, ജലസേചന മന്ത്രിമാരും മേയറും വിശദീകരിക്കണം. കാറിന് പിന്നിലിരുന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ആക്ഷൻ കാണുന്ന മേയർ കൺമുന്നിലെ മാലിന്യക്കൂമ്പാരം കാണില്ലെന്നും മുരളീധരൻ പരിഹസിച്ചു.
ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്, വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി, എം.ആർ.ഗോപൻ, കരമന അജിത്ത്, കെ.രാമൻപിള്ള, പി.അശോക് കുമാർ, പാലോട് സന്തോഷ്, വിവേക് ഗോപൻ തുടങ്ങിയവർ മാർച്ചിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.
പൊലീസ് ലാത്തി വീശി
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ആറുതവണ ജലപീരങ്കി പ്രയോഗിച്ചു.
നഗരസഭ ഓഫീസ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ചപ്പോൾ ലാത്തി വീശി. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിത കൗൺസിലർമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് മർദ്ദിച്ചെന്നാരോപിച്ച് എൽ.എം.എസ് ജംഗ്ഷനിൽ അരമണിക്കൂറോളം പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടർന്ന് അറസ്റ്റുചെയ്ത് നീക്കി. കൗൺസിലർമാരായ തിരുമല അനിൽ, മണക്കാട് സുരേഷ്, സിമിജ്യോതിഷ്, ആശാനാഥ്, വി.ജി.ഗിരികുമാർ, പത്മ, സുമിബാലു, സത്യവതി തുടങ്ങിയവരുൾപ്പെടെ 24 പേരെ അറസ്റ്റുചെയ്തു. നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് മാറ്റിയ പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടു.