f

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പ്രതിയായ ഐ. എ. എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഇന്നലെ കോടതിയിൽ ഹാജരായില്ല. ജോലിത്തിരക്കുള്ളതിനാൽ മറ്റൊരു ദിവസം ഹാജരാകാൻ അനുവദിക്കണമെന്ന് ശ്രീറാമിന്റെ അഭിഭാഷകൻ ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് അടുത്ത മാസം 16ലേക്ക് മാറ്റി. ശ്രീറാം മാത്രമാണ് പ്രതി.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് മ്യൂസിയത്തിനടുത്ത് ശ്രീറാമിന്റെ കാറിടിച്ച് ബഷീർ മരിച്ചത്. വിചാരണ തുടങ്ങിയിട്ടില്ല. രണ്ടാം പ്രതി വഫ നജീബിനെ കുറ്റവിമുക്തയാക്കിയിരുന്നു.