photo-

തിരുവനന്തപുരം: ആകാശയാത്രയെന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ ആഹ്ളാദത്തിലാണ് ജില്ലയിലെ കുടുംബശ്രീ ന്യൂട്രിമിക്സ് യൂണിറ്റ് അംഗങ്ങളായ 75 വനിതകൾ. 15ന് രാവിലെ 8.40ന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു സൗഹൃദയാത്ര. ജീവിതത്തിലൊരിക്കലും വിനോദയാത്ര നടത്തിയിട്ടില്ലാത്തവരായിരുന്നു സംഘത്തിലേറെയും. ഒരുവർഷം മുമ്പാണ് വിമാനയാത്ര എന്ന ആഗ്രഹം മുളപൊട്ടിയത്.

ന്യൂട്രിമിക്സ് ജില്ലാ കൺസോർഷ്യം സെക്രട്ടറി ഉഷാ രാജൻ ഉൾപ്പെടെയുള്ള ഭാരവാഹികളുടെ നേതൃത്വത്തിൽ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. സുഹൃത്ത് വഴി വിമാന ടിക്കറ്റും കണ്ണൂരിൽ താമസിക്കാനുള്ള റിസോർട്ടും ബുക്ക് ചെയ്തു.

പിങ്ക് സാരിയും വെള്ള ബ്ളൗസും ധരിച്ചാണ് അംഗങ്ങൾ വിമാന യാത്രയ്ക്കെത്തിയത്. കണ്ണൂരിലെയും മലപ്പുറത്തെയും ന്യൂട്രിമിക്സ് യൂണിറ്റുകളും സന്ദർശിച്ചു. 16ന് വൈകിട്ട് ഷൊർണ്ണൂരിൽ നിന്ന് തിരികെ വന്ദേഭാരതിൽ തിരുവനന്തപുരത്തെത്തി. പൊഴിയൂർ സി.ഡി.എസിലെ അക്ഷയ ന്യൂട്രിമിക്സ് യൂണിറ്റിലെ 68കാരിയായ മേരി സേവ്യറായിരുന്നു സംഘത്തിലെ മുതിർന്ന അംഗം. കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ ഇനി കേരളത്തിന് പുറത്തേക്കും ആകാശയാത്ര നടത്തണമെന്നാണ് ഇവരുടെ ആഗ്രഹം.