തിരുവനന്തപുരം: സഹാനുഭൂതിയെ സദദ്ഭരണത്തിന്റെ ഘടകമാക്കി മാറ്റിയ ആളാണ് ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആൾക്കൂട്ടത്തിൽ അലിഞ്ഞ രാഷ്ട്രീയ നേതാവാണദ്ദേഹം. അധികാരപ്രയോഗം കൊണ്ട് ജനങ്ങളുടെ കണ്ണീരൊപ്പുമ്പോഴാണ് ഒരാൾ യഥാർത്ഥ ഭരണാധികാരിയായി മാറുന്നതെന്നും സതീശൻ വ്യക്തമാക്കി.

ഉമ്മൻചാണ്ടി നമ്മോടൊപ്പമില്ലെന്ന് വിശ്വസിക്കാൻ തോന്നുന്നില്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. ഉച്ചനീചത്വങ്ങളില്ലാതെ ജനങ്ങളെ ഒരു കയറിൽ കോർത്തിണക്കാൻ കഴിഞ്ഞ നേതാവാണ് ഉമ്മൻചാണ്ടിയെന്നും വിഴിഞ്ഞം പദ്ധതി പൂർത്തിയായത് അദ്ദേഹത്തിന്റെ ഇച്ഛാശക്തി കൊണ്ടാണെന്നും പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാർശ്വവത്കരിക്കപ്പെട്ട പാവപ്പെട്ടവനോടൊപ്പം നിൽക്കുന്ന ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രയോക്താവാണ് ഉമ്മൻചാണ്ടിയെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു.

ജനസമ്പർക്ക പദ്ധതിയിലൂടെ ജനകോടികളുടെ മനസിൽ ഉമ്മൻചാണ്ടി സ്ഥാനം നേടിയെന്ന് സ്‌നേഹസ്പർശം ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം ചെയ്ത യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ വ്യക്തമാക്കി. ജനങ്ങളെ സേവിക്കാനാണ് സ്ഥാനവും അധികാരവുമെന്നും ജനപ്രതിനിധികൾ എങ്ങനെ പെരുമാറണമെന്ന് കാട്ടിയ ആളാണ് ഉമ്മൻചാണ്ടിയെന്നും സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അനുസ്മരിച്ചു.


ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി കാരുണ്യ പുരസ്‌കാരം ഡോ. ശശി തരൂർ എം.പി സി.എച്ച്.മുഹമ്മദുകോയ മെമ്മോറിയൽ ചാരിറ്റബിൾ സെന്ററിനും പോത്തൻകോട് കരുണാലയം ചാരിറ്റബിൾ സെന്ററിനും നൽകി. ചടങ്ങിൽ സി.പി.എം നേതാവ് എം.എ.ബേബിയുടെ സന്ദേശം പാലോട് രവി വായിച്ചു. ടി.വി.ഇബ്രാഹിം എം.എൽ.എ, ജോൺ മുണ്ടക്കയം, എം.എസ്.ഫൈസൽഖാൻ, മര്യാപുരം ശ്രീകുമാർ, ജി.എസ്.ബാബു, ടി.ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, ആനാട് ജയൻ, വിനോദ് സെൻ എന്നിവർ സംസാരിച്ചു.