തിരുവനന്തപുരം: ആറുമാസത്തിനിടെ ഓൺലൈൻ വഴിയുള്ള തട്ടിപ്പിൽ തലസ്ഥാന നഗരത്തിൽ 163 കേസുകളിലായി നഷ്ടമായത് 35 കോടി രൂപ. കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമാണ് സൈബർ തട്ടിപ്പുകാരുടെ ഇഷ്ടനഗരമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ നിധിൻരാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം റൂറലിൽ ഒരു വർഷത്തിനിടെ സൈബർതട്ടിപ്പിലൂടെ 12.76 കോടി നഷ്ടമായതായി നേരത്തെ എസ്.പി കിരൺ നാരായണൻ വ്യക്തമാക്കിയിരുന്നു.
ഓരോദിവസവും പുത്തൻമാർഗങ്ങളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഉയർന്ന മദ്ധ്യവർഗ വിഭാഗമാണ് തട്ടിപ്പുകാരുടെ പ്രധാന ഇരകൾ. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് മണിക്കൂറുകളോളം ആശയവിനിമയം നടത്തി വിശ്വാസം ഉറപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തുക. നിക്ഷേപത്തട്ടിപ്പ്, ഓഹരി വിപണി, ജോലി വാഗ്ദാനം, വ്യാജരേഖകൾ കാണിച്ച് ഭീഷണിപ്പെടുത്തൽ, ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിക്കുക, വ്യാജ ലോൺ ആപ്പുകൾ തുടങ്ങിയവയാണ് തട്ടിപ്പിന്റെ വിവിധ മാർഗങ്ങളെന്ന് ഡി.സി.പി പറഞ്ഞു. തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം.
2022ൽ 25 സാമ്പത്തിക തട്ടിപ്പുകളിലൂടെ കേരളത്തിൽ 2.29 കോടിയാണ് നഷ്ടമായത്. അതേവർഷം ദേശീയതലത്തിൽ 808 കേസുകളിലായി 8.09 കോടിയും നഷ്ടപ്പെട്ടു. 2023ൽ യഥാക്രമം 497 കേസുകളിലായി 18.37 കോടിയും 1396 കേസുകളിലായി 18.48 കോടിയും നഷ്ടമായി.
നഗരത്തിലെ സൈബർ കുറ്റകൃത്യങ്ങൾ (ജൂൺ 30 വരെ)
കേസുകൾ
122
നഷ്ടമായ തുക
35.67 കോടി
തിരിച്ചുപിടിച്ച തുക
11.46 ലക്ഷം (3 കേസുകൾ)
അറസ്റ്റ്
22