തിരുവനന്തപുരം: അപൂർവ ജനിതക ഭിന്നശേഷിയുള്ള ഒന്നരവയസ്സുകാരിയുടെ പരിചരണത്തിന് അമ്മയ്ക്ക് ജോലിയിൽ ഇളവനുവദിച്ച് സർക്കാർ. ചാക്ക ഐ.ടി.ഐയിൽ സീനിയർ ഇൻസ്ട്രക്ടറായ പേട്ട സ്വദേശി ദീപികയ്ക്കാണ് ഇളവ്. ക്ളാസ്സെടുക്കുന്ന സമയം മാത്രം ജോലി ചെയ്താൽ മതി. ശേഷിക്കുന്ന സമയം വർക്ക് ഫ്രം ഹോം ആയിരിക്കും. ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശന്റെ ശുപാർശയെ തുടർന്നാണ് നടപടി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഉത്തരവിറക്കുന്നതെന്ന് കമ്മിഷണർ പറഞ്ഞു.
മാർഷൽ - സ്‌മിത്ത് സിൻഡ്രോം എന്ന അപൂർവ ജനിതപ്രശ്നമാണ് കുഞ്ഞിന്. ഗുരുതര വൈകല്യമാണെന്നും നിലവിലെ ചികിത്സ ഫലിക്കാത്ത അവസ്ഥയാണെന്നും ദീപിക ഭിന്നശേഷി കമ്മിഷണർക്ക് അപേക്ഷ നൽകിയിരുന്നു. ദൈനംദിന പരിചരണത്തിന് വീട്ടിൽ ആരുമില്ല. പ്രസവാവധിക്ക് ശേഷവും തുടർച്ചയായ ശൂന്യവേതന അവധിയിലാണെന്ന് ട്രെയിനിംഗ് ഡയറക്ടറും ഭിന്നശേഷി കമ്മിഷണറെ ബോദ്ധ്യപ്പെടുത്തി. കുഞ്ഞിന്റെ ചികിത്സാ ചെലവ് താങ്ങാനാവാത്ത സ്ഥിതിയാണെന്നും സൂപ്പർ ന്യൂമററിയായി നിലനിറുത്തണമെന്നും ദീപിക അഭ്യർത്ഥിച്ചു. ദീപികയുടെ ഭർത്താവും ചാക്ക ഐ.ടി.ഐയിൽ ഇൻസ്ട്രക്ടറാണ്.