തിരുവനന്തപുരം : ജന്മം കൊണ്ട് മാവേലിക്കരക്കാരനും കർമ്മം കൊണ്ട് തിരുവനന്തപുരത്തുകാരനും- അതാണ് ഡോ.എം.എസ്.വല്യത്താൻ. പഠനകാലം ചെലവഴിച്ച തലസ്ഥാനത്ത് തന്നെ രാജ്യത്തിന് അഭിമാനമായ ശ്രീചിത്രയെന്ന സ്ഥാപനം കെട്ടിപ്പടുക്കേണ്ട ദൗത്യവും കാലം അദ്ദേഹത്തിന് കാത്തുവയ്ക്കുകയായിരുന്നു. തലസ്ഥാനത്തിന്റെ അഭിമാനസ്തംഭങ്ങളിലൊന്നാണ് വല്യത്താൻ.

വല്യത്താന്റെ ജീവിതത്തിലെ സുപ്രധാന കാലഘട്ടങ്ങൾ കടന്നുപോയത് തിരുവനന്തപുരത്തായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കരയിൽ നിന്ന് അദ്ദേഹം തലസ്ഥാനത്തേക്ക് വണ്ടികയറി. അന്നത്തെ മഹാരാജാസ് കോളേജിൽ (യൂണിവേഴ്സിറ്റി കോളേജ്) ഉപരിപഠനത്തിന് ചേർന്നു. അന്നു മുതൽ തിരുവനന്തപുരം വല്യത്താന്റേത് കൂടിയായി. ബന്ധുക്കളിൽ നിരവധി ഡോക്ടർമാരുള്ളതിനാൽ വൈദ്യശാസ്ത്രത്തിലാണ് തന്റെ ഭാവിയെന്ന് അദ്ദേഹം ചെറുപ്പത്തിലേ തിരിച്ചറിഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ പഠനത്തിനുശേഷം 1951ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിൽ വിദ്യാർത്ഥിയായി. മെഡിക്കൽ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ചിലെ 63 വിദ്യാർത്ഥികളിൽ ഒരാളായ വല്യത്താൻ തിരുവനന്തപുരത്തോട് കൂടുതൽ ഇഴുകിച്ചേർന്നു. മെഡിസിൻ പഠനത്തിന് ശേഷം ഉപരിപഠനത്തിനും ഫെലോഷിപ്പിനുമൊക്കെയായി ബ്രിട്ടനിലും അമേരിക്കയിലും കാനഡയിലുമായി വർഷങ്ങൾ കടന്നുപോയി. ജോൺസ് ഹോപ്കിൻസ്, ജോർജ് വാഷിംഗ്ടൺ, ജോർജ് ടൗൺ യൂണിവേഴ്സിറ്റി ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് ഹൃദയ ശസ്ത്രക്രിയയിൽ പരിശീലനം നേടിയ ശേഷം 1972ൽ വീണ്ടും തലസ്ഥാനത്തേക്ക്. ആദ്യ രണ്ടുവർഷം ശ്രീചിത്രയിൽ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൽ പ്രൊഫസർ. 1974മുതൽ നീണ്ട 20വർഷം ഡയറക്ടറായി തിരുവനന്തപുരത്ത്. നാൽപ്പതാം വയസിൽ ഡയറക്ടറായെന്ന പ്രത്യേകതയും അദ്ദേഹത്തിന് സ്വന്തം.മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്റെ ക്ഷണപ്രകാരം ശ്രീചിത്രയെന്ന ദൗത്യം ഏറ്റെടുത്ത വല്യത്താൻ 1994ൽ ചുമലത ഒഴിഞ്ഞപ്പോഴേക്കും മണിപ്പാലിൽ നിന്നുള്ള ക്ഷണമെത്തി. അങ്ങനെ മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായി. മണിപ്പാലിലേക്ക് പോയ അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി. മെഡിക്കൽ വിദ്യാഭ്യാസ പരിപാടികൾക്കും മറ്റുമായി ഇടയ്ക്കിടെ തലസ്ഥാനത്ത് എത്തി മടങ്ങിയിരുന്നു.