വിതുര: വിതുര പഞ്ചായത്തിലെ ആനപ്പാറ നാരകത്തിൻകാല മേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. രാത്രിയിൽ കൂട്ടമായെത്തുന്ന കാട്ടാനകൾ പ്രദേശത്തെ കൃഷികൾ മുഴുവൻ നശിപ്പിക്കുകയാണ്.

ബാങ്കുകളിൽ നിന്നും മറ്റു വായ്പയെടുത്ത് കൃഷി നടത്തിയവർ കടക്കെണിയിലുമാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ നാരകത്തിൻകാല സുരേന്ദ്രൻകാണിയുടെ പുരയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം കമുക്, വാഴ തുടങ്ങിയ കൃഷികൾ മുഴുവൻ തകർത്തു. തൊട്ടടുത്ത മുരുകൻകാണിയുടെ വിളയിലും കാട്ടാനകൾ എത്തി.

നേരം പുലരുവോളം ചിന്നം വിളിച്ച് ആദിവാസി മേഖലകളിൽ ചുറ്റിത്തിരിയും. അനവധി തവണ കാട്ടാനകൾ നാരകത്തിൻകാലയിൽ ഇറങ്ങി നാശം വിതച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് വനപാലർക്ക് പരാതികൾ നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്ന് ആദിവാസികൾ പറയുന്നു. മാത്രമല്ല ഇവിടെ ആനക്കിടങ്ങും വൈദ്യുതിവേലിയും സ്ഥാപിക്കാമെന്ന വാഗ്ദാനവും കടലാസിലാണ്. കാട്ടുമൃഗശല്യം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ആദിവാസികൾ.

തെരുവുവിളക്ക് കത്തുന്നില്ല

നാരകത്തിൻകാല മേഖലയിലുള്ള തെരുവുവിളക്കുകൾ കത്തിയിട്ട് മാസങ്ങളേറെയായി. സന്ധ്യമയങ്ങിയാൽ പ്രദേശം കൂരിരുട്ടിലാണ്. തെരുവുവിളക്കുകൾ കത്തിക്കണമെന്നാവശ്യപ്പെട്ട് പരാതികൾ നൽകിയെങ്കിലും നടപടിയെടുക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

പുലിയും കരടിയും

കാട്ടാനകൾക്ക് പുറമെ പുലിയും കരടിയും വരെ നാരകത്തിൻകാല മേഖലയിൽ ഭീതി പരത്തി വിഹരിക്കുന്നുണ്ട്. നേരത്തേ ഒരാൾക്ക് കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. മാത്രമല്ല പുലിയിറങ്ങി ഒരാടിനെ കടിച്ചുകൊല്ലുകയും ചെയ്തു. പ്രദേശത്തെ വളർത്തുനായ്ക്കളെയും കൊന്നാടുക്കിയിട്ടുണ്ട്.