വെമ്പായം: വട്ടപ്പാറ, വെമ്പായം, വെഞ്ഞാറമൂട് മേഖലകളിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രദേശത്തെ ആറു ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് ആലന്തറ വേറ്റൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം നടന്നതാണ് ഒടുവിലത്തെ സംഭവം. വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മോഷണം നടന്നത്. ക്ഷേത്ര കോമ്പൗണ്ടിൽ കയറിയ മോഷ്ടാവ് വിളക്കുകളാണ് മോഷ്ടിച്ചത്. ക്ഷേത്രത്തിലെ സി സി.ടി വി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. എഴുപതിനായിരം രൂപ വില വരുന്ന വിളക്കുകളാണ് മോഷണം പോയത്. ഭരണസമിതി അംഗങ്ങൾ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
പെരുംകൂർ തമ്പുരാൻ ദേവീ ക്ഷേത്രം: വെമ്പായം പെരുങ്കൂർ തമ്പുരാൻ ദേവീക്ഷേത്രത്തിൽ തിങ്കളാഴ്ച രാത്രിയോടെ കമ്മിറ്റി ഓഫീസും സ്റ്റോർ റൂമും കുത്തിത്തുറന്ന് സ്വർണം ഉൾപ്പെടെ ഒന്നര ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായി സെക്രട്ടറി പറഞ്ഞു. ആറുമാസത്തിനിടയ്ക്ക് മൂന്നാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലുംപ്രതികളെ പിടികൂടാനായിട്ടില്ല.
വട്ടപ്പാറ നരിക്കൽ വലിയകാവ് ആയിരവല്ലി ക്ഷേത്രം: കഴിഞ്ഞ മാസം 17നാണ് മോഷണം നടന്നത്. പൂജ പാത്രങ്ങൾ, വിളക്കുകൾ, 5.5 അടിയുള്ള ഇരുപത്തി അയ്യായിരം രൂപ വിലമതിക്കുന്ന നില വിളക്ക്, തൂക്കുവിളക്കുകൾ,കിണ്ടി, പാത്രങ്ങൾ, കലശ കുടങ്ങൾ എന്നിവയാണ് മോഷ്ടിച്ചത്. അടുത്തദിവസം അമ്പലം തുറക്കാൻ ഭാരവാഹികൾ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടൻതന്നെ വട്ടപ്പാറ പൊലീസിൽ പരാതി നൽകി.
വെമ്പായം മണ്ഡപം തമ്പുരാൻ ക്ഷേത്രം: കഴിഞ്ഞ 26ന് തട്ടു വിളക്ക്, തൂക്കുവിളക്ക്, നിലവിളക്കുകൾ ഉൾപ്പെടെ ഒരു ലക്ഷത്തിനുമേൽ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയി. ഇതേ ദിവസം തന്നെ വേറ്റിനാട് ഇടവൻ വീട് ക്ഷേത്രത്തിലും മോഷണശ്രമം നടന്നു. അമ്പലത്തിൽ സ്ഥാപിച്ചിരുന്ന സി സി.ടിവി കാമറകളും നശിപ്പിച്ചു.