തിരുവനന്തപുരം: ചെസിൽ മന്ത്രിയുടെ നീക്കങ്ങൾ എങ്ങനെയാവണം, തേര് തെളിക്കേണ്ടത് എങ്ങനെയെന്നൊക്കെ റോഷൻ സഞ്ജയ് എന്ന പതിനെട്ടുകാരൻ അമേരിക്കയിലിരുന്ന് ഓൺലൈനിലൂടെ പറയുമ്പോൾ കഴക്കൂട്ടം ഡിഫറന്റ് ആർട്സ് സെന്ററിലെ (ഡി.എ.സി) ഭിന്നശേഷിക്കുട്ടികൾ അശ്രദ്ധമായിരിക്കും. എന്നാൽ, റൂട്ടൊന്നുമാറ്റി കഥ പറയുംപോലെ റോഷൻ പഠിപ്പിക്കുമ്പോൾ അവർ സാകൂതരാകും. ഇത്തരത്തിൽ ഒരുവർഷമായി റോഷൻ പരിശീലിപ്പിച്ച പന്ത്രണ്ട് ഭിന്നശേഷി കുട്ടികൾ ലോക ചെസ് ദിനമായ ഇന്ന് ഡി.എ.സിയിലെ കറുപ്പും വെളുപ്പുമുള്ള കള്ളിബോർഡിൽ കരുക്കൾ നീക്കും.
ആറു വയസ് മുതലാണ് റോഷൻ ചെസ് ഇഷ്ടപ്പെട്ടു തുടങ്ങിയത്. ചാമ്പ്യൻഷിപ്പിൽ മുതിർന്നവരെ തോൽപ്പിച്ചതോടെ മാതാപിതാക്കളും ഐ.ടി പ്രൊഫഷണലുകളുമായ സഞ്ജയ് നായരും ഭാര്യ മായാറാണിയും ഏകമകനെ മികച്ച പരിശീലനത്തിന് അവസരമൊരുക്കി. 2019 മുതൽ വിദ്യാർത്ഥികളെ ചെസ് പരിശീലിപ്പിക്കുന്നു. യു.എസിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഡി.എ.സി സ്ഥാപകൻ ഗോപിനാഥ് മുതുകാടുമായുള്ള കണ്ടുമുട്ടലാണ് ഭിന്നശേഷി കുട്ടികളുടെ പരിശീലകനാകാൻ വഴിയൊരുക്കിയത്. 250ഓളം വരുന്ന റോഷന്റെ ശിഷ്യഗണത്തിൽ ഡൗൺസിൻഡ്രം, ഓട്ടിസം അടക്കം ബാധിച്ചവരും ഉൾപ്പെടുന്നു. ഒറിഗോണിൽ താമസിക്കുന്ന റോഷൻ, പന്ത്രണ്ടാംക്ലാസ് പൂർത്തിയാക്കി സ്റ്റാൻഫോർഡ് സർവകലാശാലയിൽ മാത്‌സ് ആൻഡ് കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഉപരിപഠനത്തിനൊരുങ്ങുകയാണ്.
സമ്മാനത്തുക പാവങ്ങൾക്ക്
ചെസ് മത്സരങ്ങളിലെ സമ്മാനത്തുക റോഷൻ നായർ എന്ന പേരിലുള്ള ഫൗണ്ടേഷൻ വഴി പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉന്നമനത്തിനായാണ് ഉപയോഗിക്കുന്നത്. ഇതിനോടകം 50 ലക്ഷം രൂപ നൽകി. 12ാം വയസിൽ ലാസ്‌വേഗാസിൽ നടന്ന അന്താരാഷ്ട്ര ചെസ് മത്സരത്തിൽ വിജയിച്ചപ്പോൾ ലഭിച്ച അഞ്ചുലക്ഷം രൂപയാണ് ഏറ്റവും വലിയ സമ്മാനം. നാലുവർഷം മുമ്പ് ഒറിഗോൺ ചെസ് ഫെഡറേഷന്റെ ബോർഡിലുൾപ്പെട്ട റോഷൻ ഏഴംഗ ബോർഡിലെ ഏക വിദ്യാർത്ഥിയുമാണ്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ ഇൻസ്ട്രക്ടറുമാണ്.