ആറ്റിങ്ങൽ: ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് മുന്നിൽയാത്രാ ദുരിതത്തിന് അറുതിയില്ല. പാലസ് റോഡിൽ മലിനജലം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. പാലസ് റോഡ് മുറിച്ചുകടന്ന് പോകുന്ന കലുങ്കിന്റെ വശങ്ങൾ ഇടിഞ്ഞതോടെ ഒഴുക്ക് തടസ്സപ്പെട്ടതിനാൽ ഓടയിലെ മലിനജലം കെട്ടിക്കിടന്ന് റോഡിലേക്ക് ഒഴുകുകയാണ്. കറുത്ത നിറത്തിൽ ദുർഗന്ധം വമിക്കുന്ന വെള്ളമാണ് റോഡിലൂടെ ഒഴുകുന്നത്. ഇത് യാത്രക്കാർക്കും റോഡരികിലെ വ്യാപാരികൾക്കും വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പാലസ് റോഡിലൂടെ കടന്നുപോകുന്ന യാത്രക്കാർ ഈ ദുരിതപ്പുഴ നീന്തിക്കടക്കണം. ഇവിടെ റോഡിനു കുറുകെ നിർമ്മിച്ചിരുന്ന പഴയ കലുങ്ക് ഇടിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം. കഴിഞ്ഞ 25 ന് റോഡിൽ മലിനജലം നിറഞ്ഞപ്പോൾ നഗരസഭ ആരോഗ്യ വിഭാഗം ഓടയുടെ സ്ലാബ് പൊളിച്ച് പരിശോധന നടത്തിയപ്പോഴാണ് പഴയ കലുങ്ക് ഇടിഞ്ഞത് കണ്ടെത്തിയത്.

 യാത്രക്കാർ ദുരിതത്തിൽ

ഓടയിലൂടെ ഒഴുകിയെത്തുന്ന വെള്ളം കലുങ്കുവഴി പാർവതിപുരം ഗ്രാമത്തിലേക്കുള്ള ഓടയിലേക്കാണ് ഒഴുക്കി വിട്ടിരുന്നത്. കലുങ്ക് തകർന്നതോടെ നീരോഴുക്ക് നിലച്ചു. പാലസ് റോഡിലെ കലുങ്ക് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണെന്നും അറ്റകുറ്റപണികൾ അവരാണ് നടത്തേണ്ടതെന്നും നഗരസഭാധികൃതർ പറയുന്നു. ബസ് സ്റ്റാൻഡിൽ നിന്നു പാലസ് റോഡിലേക്ക് ഇറങ്ങുന്ന ഭാഗം നഗരസഭാധികൃതർ കുത്തിപ്പൊളിച്ചാണ് പരിശോധന നടത്തിയത്. പൊട്ടിപ്പൊളിഞ്ഞ സ്ലാബും കോൺക്രീറ്റും അതുപോലെ കിടക്കുകയാണിപ്പോഴും. ഇതുവഴി വാഹനങ്ങളും യാത്രക്കാരും കടന്നുപോകാതിരിക്കാൻ താത്കാലിക വേലിയും സ്ഥാപിച്ചിട്ടുണ്ട്.