പൂവാർ: പൂവാർ നിവാസികളുടെ ആരോഗ്യ സംരക്ഷണത്തിൽ മുഖ്യപങ്ക് വഹിക്കുന്ന ഫാമിലി ഹെൽത്ത് സെന്ററിനും ചികിത്സ ആവശ്യമാണെന്ന് നാട്ടുകാർ. തീരദേശ മേഖലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആരോഗ്യ കേന്ദ്രത്തിന്റെ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ.
സ്ഥിരമായി ഡ്യൂട്ടിക്ക് ഹാജരാകാത്ത ഡോക്ടറെ മാറ്റി പുതിയൊരാളെ നിയമിക്കുക, ആശുപത്രിക്കു മുന്നിലെ ഗതാഗത തടസം ശാസ്ത്രീയമായി പരിഹരിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പാലിയേറ്റീവ് കെയർ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുക, പാതിവഴിയിൽ ഉപേക്ഷിച്ച എക്സറെ യൂണിറ്റ് പ്രവർത്തിപ്പിക്കുക, ആഴ്ചയിൽ ഒരു ദിവസം വീതം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക, ക്ലിനിക്കൽ ലാബിന്റെ പ്രവർത്തനം ആധുനികവത്കരിക്കുക, ഇ.സി.ജി യൂണിറ്റ് സ്ഥാപിക്കുക, അത്യാവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക, വാഹന പാർക്കിംഗിന് ഉചിതമായ സ്ഥലം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഞ്ഞൂറിലധികം പ്രദേശവാസികൾ ഒപ്പിട്ട മെമ്മോറാണ്ടം വാർഡ് മെമ്പർ സാജയകുമാറിന്റെയും പൊതുപ്രവർത്തകനായ ശിവദാസൻ പൂവാറിന്റെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിക്കും, ഹെൽത്ത് ഡയറക്ടർ, ജില്ല മെഡിക്കൽ ഓഫീസർ തുടങ്ങിയവർക്കും സമർപ്പിച്ചു. പ്രശ്നങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അടിയന്തര പരിഹാരത്തിന് നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് തന്നിട്ടുള്ളതായും അവർ പറഞ്ഞു.
സൗകര്യങ്ങൾ വേണം
1956 ൽ പ്രവർത്തനമാരംഭിച്ച ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗവും പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഇൻപേഷ്യന്റ് വിഭാഗത്തിൽ 16 കിടക്കകളുടെ സൗകര്യം മാത്രമാണുള്ളത്. കൂടുതൽ സൗകര്യങ്ങളേർപ്പെടുത്താൻ സ്ഥലപരിമിതി തടസമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ആകെ 56 സെന്റ് ഭൂമിയിൽ നിറയെ ചെറിയ കെട്ടിടങ്ങളാണ്. 4 കോർട്ടേഴ്സുകളിൽ രണ്ടെണ്ണം ഇടിച്ചുപൊളിച്ചാണ് ഐസൊലേഷൻ വാർഡ് നിർമ്മിച്ചത്. 2022 ൽ ഉദ്ഘാടനം കഴിഞ്ഞ കെട്ടിടം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. അവശേഷിക്കുന്ന രണ്ട് ക്വാർട്ടേഴ്സുകളും കാടുമൂടി ഇഴജന്തുക്കളുടെ താവളമായി മാറിയിട്ടുണ്ട്.
കാലപ്പഴക്കം ചെന്ന രണ്ട് ആംബുലൻസുകൾ കാട്ടിനുള്ളിൽ ഉപേക്ഷിച്ച നിലയിലാണ്. അടുത്തകാലത്ത് നടത്തിയ ഒ.പി ബ്ലോക്കിന്റെ നവീകരണം ആശുപത്രിയുടെ പ്രവർത്തനത്തെ താളം തെറ്റിക്കുന്നു. വാഹനങ്ങളിലെത്തിക്കുന്ന രോഗികളെ ഡോക്ടറുടെ സമീപം എത്തിക്കാൻ ബുദ്ധിമുട്ടുന്നതായും നാട്ടുകാർ പറയുന്നു.
ഡോക്ടർ വേണം
ഫാമിലി ഹെൽത്ത് സെന്ററിന് 8 ഡോക്ടർമാരാണ് ആവശ്യം. എന്നാൽ 6 ഡോക്ടർമാരേ ഇപ്പോഴുള്ളൂ. പകൽ രണ്ടും രാത്രിയിൽ ഒരു ഡോക്ടറുമാണ് സാധാരണ ഉണ്ടാവുക. നഴ്സുമാർ, ക്ലീനിംഗ് സ്റ്റാഫ്, മറ്റ് ജീവനക്കാരും വേണ്ടത്രയില്ല. പാലിയേറ്രീവ് കെയർ ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നൽകാതെ ഓഫീസ് ജീവനക്കാർ അലംഭാവം കാട്ടുന്നതായും ആക്ഷേപമുണ്ട്.