പാലോട്: ഒരു ഇടവേളയ്ക്കു ശേഷം മൈലമൂട് സുമതി വളവിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു. സന്ധ്യ മയങ്ങിയാൽ അതിശക്തമായ മഞ്ഞ് മൂടുന്ന പ്രദേശമായതിനാൽ വാഹനങ്ങൾ പതിയെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇതുവഴി ടൈൽസ് ജോലിക്കായി കിളിമാനൂരിൽ പോയി തിരികെ വന്ന നെട്ടിറചിറ സ്വദേശിയായ യുവാവിനെ കൈകാണിച്ച് വാഹനം നിറുത്തിച്ച് മർദ്ദിച്ചിരുന്നു. രാത്രിയിൽ ഇവിടെയെത്തുന്ന കഞ്ചാവ് വില്പന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയം.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇതുവഴിവന്ന കണ്ടക്ടറെയും സംഘം പേടിപ്പിച്ചിരുന്നു. ഇദ്ദേഹം പാലോട് ഡിപ്പോയിലെത്തി വിവരം ധരിപ്പിച്ചു. തുടർന്ന് പാലോട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം അറിയിച്ചെങ്കിലും സാമൂഹ്യവിരുദ്ധ ശല്യം ഇതുവരെയും നിയന്ത്രിക്കാനായിട്ടില്ല. അടിയന്തരമായി പൊലീസിന്റെ ശ്രദ്ധ ഈ ഭാഗത്ത് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.