തിരുവനന്തപുരം: രണ്ടാം വരവിലും സേനാപതി പ്രേക്ഷകന് ആവേശം പകരുന്നു. കമൽഹാസൻ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രം 106 വയസിൽ എത്തിയതിനാൽ തിരക്കഥയിലാണ് ഇത്തവണ സംവിധായകൻ ഷങ്കർ ശ്രദ്ധ പുലർത്തിയതെന്ന് പ്രേക്ഷകർ. ചൂണ്ടു വിരൽ ഉപയോഗിച്ചുള്ള സേനാപതിയുടെ മർമ്മ പ്രയോഗങ്ങൾ ആവേശം പകരുന്നു. ഇന്ത്യനിലെ പോലെ ഇന്ത്യൻ 2ലും സേനാപതിയായി കമൽഹാസൻ നിറയുന്നു. സാധാരണ ഷങ്കർ ചിത്രത്തിനൊപ്പം ഉയർന്നോയെന്ന ചോദ്യത്തിന് ജനുവരിയിൽ സേനാപതി മറുപടി നൽകുമെന്ന് പ്രേക്ഷകർ. ഇന്ത്യൻ 3യിലേക്കുള്ള ചുവടുവയ്പ് നടത്തിയാണ് ഇന്ത്യൻ 2 അവസാനിക്കുന്നത്. കമൽഹാസനേക്കാൾ സിദ്ധാർത്ഥിനെ ചിത്രത്തിൽ പ്രേക്ഷകർ കൂടുതലായി കണ്ടു. അകാലത്തിൽ വിട പറഞ്ഞ നെടുമുടി വേണു,വിവേക്,മനോബാല എന്നിവരെ മികവോടെ കൊണ്ടുവരാൻ സാധിച്ചു. ബോബി സിംഹ,സമുദ്രകനി,പ്രിയഭവാനി ശങ്കർ,എസ്.ജെ. സൂര്യ,രാകുൽ പ്രീത് സിംഗ് തുടങ്ങി എല്ലാവരും ഗംഭീര പ്രകടനം നടത്തി. 3 മണിക്കൂറായിരുന്നു ചിത്രത്തിന്റെ ദൈർഘ്യം. ആരാധകരുടെ അഭ്യർത്ഥന പ്രകാരം 12മിനിറ്റ് കുറച്ചാണ് ഇപ്പോൾ പ്രദർശനം. ലൈക പ്രൊഡക്ഷൻസ്,റെഡ് ജയിന്റ് മൂവീസ് എന്നീ ബാനറിലാണ് നിർമ്മാണം.