വർക്കല: കേരള ഗാന്ധിസ്മാരകനിധിയുടെ നേതൃത്വത്തിൽ അദ്ധ്യാപകർക്കായുള്ള ഗാന്ധിയൻ പഠനകോഴ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം അയിരൂർ എം.ജി.എം മോഡൽ സ്കൂളിൽ ഹൈക്കോടതി ജസ്റ്റിസ് എം.ആർ. ഹരിഹരൻനായർ നിർവഹിച്ചു. അഡ്വ.വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഗാന്ധിയൻ തോട്സ് ആൻഡ് റിസർച്ച് തിരുവനന്തപുരം, അയിരൂർ എം.ജി.എം മോഡൽസ്കൂൾ, നെയ്യാറ്റിൻകര ജി.ആർ പബ്ലിക് സ്കൂൾ, നിംസ് മെഡിസിറ്റി നെയ്യാറ്റിൻകര എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പഠനകോഴ്സ് സംഘടിപ്പിച്ചിട്ടുള്ളത്. 2024ലെ ഗാന്ധി വിശിഷ്ട സേവാ പുരസ്കാരം പൂർണ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ പ്രസിഡന്റും എം.ജി.എം മോഡൽ സ്കൂൾ ട്രസ്റ്റ് സെക്രട്ടറിയുമായ ഡോ.പി.കെ. സുകുമാരന് ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ, ജസ്റ്റിസ് എം.ആർ. ഹരിഹരൻനായർ എന്നിവർ ചേർന്ന് സമ്മാനിച്ചു. ഡോ.കെ.എ. സാജു (നിംസ് മെഡിസിറ്റി, നെയ്യാറ്റിൻകര), അഡ്വ.ആർ.എസ്. ഹരികുമാർ (സെക്രട്ടറി ജി.ആർ പബ്ലിക് സ്കൂൾ), അഡ്വ.എസ്. രാജശേഖരൻനായർ, ഡോ.എസ്.പൂജ, വി. ഹരിദേവ്, വി.കെ. മോഹൻ തുടങ്ങിയവർ സംസാരിച്ചു. ഗാന്ധിയൻ കർമ്മപഥത്തിലൂടെ ഡോ.പി.കെ. സുകുമാരൻ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.