തിരുവനന്തപുരം: വിദേശ രാജ്യങ്ങളുമായും എംബസികളുമായും നേരിട്ടുള്ള സഹകരണത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥയെ നിയോഗിച്ച് കേരളം. വിദേശ ഏകോപനം (എക്സ്‌റ്റേണൽ കോ-ഓർഡിനേഷൻ) ഡിവിഷനാണ് രൂപീകരിച്ചത്. തൊഴിൽവകുപ്പ് സെക്രട്ടറി ഡോ.കെ.വാസുകിക്കാണ് ചുമതല.
അതേസമയം, വിദേശ ഇടപെടലുകൾക്ക് കേന്ദ്ര സർക്കാരിനാണ് പൂർണാധികാരം. എന്തെങ്കിലും വിദേശ സഹായം കിട്ടണമെങ്കിൽ പോലും സംസ്ഥാനങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങണം.
സർക്കാർ വിശദീകരണം ഇങ്ങനെ: കേരളം സന്ദർശിക്കുന്ന സ്ഥാനപതികളും മറ്റും വിദ്യാഭ്യാസം,തൊഴിൽ, വ്യവസായ മേഖലകളിൽ സഹകരണത്തിന് സന്നദ്ധരാവുന്നുണ്ട്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് തുടർപ്രവർത്തനം ഉറപ്പുവരുത്താനാണ് വാസുകിയെ നിയോഗിച്ചത്. വാസുകിയെ സഹായിക്കാൻ പൊതുഭരണ (പൊളിറ്രിക്കൽ) വകുപ്പിനെയും ഡൽഹിയിലെ റസിഡന്റ് കമ്മിഷണറെയും ചുമതലപ്പെടുത്തി.
അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികളുടെ ക്ഷേമത്തിന് നോർക്ക വകുപ്പുണ്ട്. നോർക്ക സെക്രട്ടറിയായിരുന്ന സുമൻബില്ലയ്ക്ക് നേരത്തേ വിദേശ സഹകരണ ചുമതല നൽകിയിരുന്നു. എന്നാൽ, കേന്ദ്രാധികാരത്തിൽ പെടുന്നതായതിനാൽ അദ്ദേഹം ഇടപെട്ടിരുന്നില്ല. വിദേശകാര്യ സർവീസിൽ നിന്ന് വിരമിച്ച വേണു രാജാമണിയെ വിദേശ രാജ്യങ്ങളുമായി ബന്ധം പുലർത്താനുള്ള ചുമതല നൽകി ഡൽഹിയിലും സംസ്ഥാനം നിയമിച്ചിരുന്നു.
അന്നത്തെ സ്പെഷ്യൽ സെൽ
ടോം ജോസ് ചീഫ്സെക്രട്ടറിയായിരിക്കെ 2020ൽ വിദേശ രാജ്യങ്ങളുമായും ഏജൻസികളുമായും ഇടപെടാൻ മാൻപവർ സ്പെഷ്യൽസെൽ രൂപീകരിച്ചിരുന്നു. നിക്ഷേപം ആകർഷിക്കൽ, വിദേശത്തെ കമ്പനികളുമായി ചേർന്നുള്ള പദ്ധതികളുടെ ഏകോപനം എന്നിവയായിരുന്നു ചുമതല. ഒന്നേ കാൽലക്ഷം വീതം ശമ്പളത്തിന് സെല്ലിൽ രണ്ടു പേരുണ്ടായിരുന്നു. കേട്ടുകേൾവിയില്ലാത്തതും പ്രായോഗികമല്ലാത്തതുമായ ഈ നടപടി 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തതോടെ സെൽ പിരിച്ചുവിട്ട് സർക്കാർ തലയൂരി.
''വിദേശരാജ്യങ്ങളുമായി നയതന്ത്ര ഇടപാടുകളല്ല, സഹകരണമാണ് ലക്ഷ്യം. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്.''
-ഡോ.വി.വേണു,
ചീഫ്സെക്രട്ടറി