veena

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നാലാഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാജോർജ്. ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ ചില ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ലെന്നും ചിലർ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണം.

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധന ശക്തമായി നടന്നുവരുന്നു. ജൂണിലും ഈ മാസം ഇതുവരെയുമായി 7,584 പരിശോധനകൾ നടത്തി. 206 സ്ഥാപനങ്ങളുടെ പ്രവർത്തനം നിറുത്തിവയ്പിച്ചു. 28,42,250 രൂപ പിഴ ഈടാക്കി. 1065 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 3798 സർവൈലൻസ് സാമ്പിളുകളും ശേഖരിച്ചു. 741 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 720 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. 54 സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികളും 90 സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡിക്കേഷൻ നടപടികളും സ്വീകരിച്ചു.

ഷവർമ പ്രത്യേക സ്‌ക്വാഡ് 512 പരിശോധനകൾ നടത്തി. 52 സ്ഥാപനങ്ങളുടെ പ്രവർത്തനം നിറുത്തിവയ്പിച്ചു. ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി 1993 പരിശോധനകളും ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി 2645 പരിശോധനകളും നടത്തി. മത്സ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്താനായി 583 പരിശോധനകൾ നടത്തി.