വെഞ്ഞാറമൂട്: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ സർക്കിൾ ഇൻസ്പെക്ടർ പൊതുനിരത്തിൽ വച്ച് അസഭ്യം പറഞ്ഞ സംഭവത്തിൽ ഇരുകൂട്ടരേയും തിങ്കളാഴ്ച ഓഫീസിലേക്ക് വിളിപ്പിക്കുമെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചുനാഥ് അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. വെഞ്ഞാറമൂട്ടിലെ ഗതാഗത കുരുക്കിൽപ്പെട്ട തിരുവനന്തപുരം ക്രൈം റിക്കോർഡ്സ് ബ്യൂറോ സർക്കിൾ ഇൻസ്പെക്ടർ യഹിയ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ അസഭ്യം പറയുകയായിരുന്നു. യഹിയ സിവിൽ ഡ്രസിലായിരുന്നു. ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടാവുകയും സർക്കിൾ ഇൻസ്പെക്ടറാണെന്ന് മനസിലാക്കിയ പൊലീസുകാരൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി റിപ്പോർട്ട് നൽകുകയുമായിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് റൂറൽ എസ്.പി ഡിവൈ.എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.