പള്ളിക്കൽ: മടവൂർ പൊതുചന്തയിൽ പഞ്ചായത്ത് നിർമ്മിച്ചിരിക്കുന്ന വഴിയിടം 'ടേക്ക് എ ബ്രേക്ക് ' ചവറുക്കൂനക്കിടയിൽ പ്രവർത്തനമില്ലാതെ കാടുപിടിച്ച് നശിക്കുന്നു. 2020-21കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ 12 ഇനപരിപാടിയിൽ സദുദ്ദേശ്യത്തോടെ ഉൾപ്പെടുത്തിയ വഴിയിടത്തിന്റെ കെട്ടിടം നിർമ്മിക്കാൻ ഏകദേശം 15ലക്ഷത്തോളം രൂപ മടവൂർ ഗ്രാമപഞ്ചായത്തിന്റെ പ്ലാൻഫണ്ടിൽ നിന്ന് ചെലവായി.
പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ചന്തയിൽ സൂക്ഷിക്കാൻ ആരംഭിച്ചതോടെ ഈ കെട്ടിടത്തിനുള്ളിൽ കയറാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
വഴിയിടം വൃത്തിയാക്കി കുടുബശ്രീ യൂണിറ്റുകളെ ഏല്പിച്ചാൽ അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് കൂടിയുള്ള അവസരമുണ്ടാകും. വഴിയിടത്തിന്റെ പ്രവർത്തനം എത്രയും പെട്ടെന്ന് പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് കോൺഗ്രസ് മടവൂർ മണ്ഡലം പ്രസിഡന്റ് അജിത് കുമാർ ആവശ്യപ്പെട്ടു.
അധികം ആയുസില്ലാതെ
ടോയ്‌ലെറ്റുകളും താമസ സൗകര്യത്തോടെയുള്ള മുറിയും ഉൾപ്പെടുന്ന ഈ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം തികയുന്നതിനു മുൻപ് പ്രവർത്തനം നിലച്ചു.
സാമൂഹ്യ വിരുദ്ധ ശല്യവും
ചന്തയിലെത്തുന്ന കച്ചവടക്കാർക്കും അടുത്ത ഓഫീസുകളിലെത്തുന്ന പൊതുജനങ്ങൾക്കും വളരെ ആശ്വാസമായിരുന്നു ഇവിടുത്തെ ടോയ്‌ലെറ്റുകൾ. എന്നാൽ സാമൂഹ്യവിരുദ്ധരുടെ താവളമായി ഇവിടം മാറിയെന്ന് നാട്ടുകാർ പറയുന്നു.