തിരുവനന്തപുരം: പ്ലാസ്റ്റിക്കും ഭക്ഷണ മാലിന്യവും മാത്രമല്ല നഗരത്തിന്റെ മാലിന്യ ലിസ്റ്റിലുള്ളത്. അറവു മാലിന്യമാണ് അക്കൂട്ടത്തിൽ പ്രധാനി. നഗരത്തിലെ 250 ഓളം അറവുശാലകളിൽ നിന്ന് ദിവസേന 20 മുതൽ 30 ടൺ വരെ മാലിന്യമാണുണ്ടാകുന്നത്. നഗരത്തിലെ തോടുകളിലും ആറുകളിലുമാണ് ഇവ തള്ളുന്നത്. ജലാശയങ്ങളിലേക്കാണ് ഇവ നിക്ഷേപിക്കുന്നതെന്ന് കണ്ടെത്തിയിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. രാത്രിയിലാണ് മാലിന്യം വൻതോതിൽ ജലാശയങ്ങളിലേക്ക് തള്ളുന്നത്.

നഗരത്തിലെ സ്വകാര്യ ഏജൻസികൾ അറവുമാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നുവെന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാലിത് കൃത്യമായി നടക്കുന്നില്ല. കിള്ളിയാർ, കരമനയാർ എന്നിവിടങ്ങളിലും ആമയിഴഞ്ചാൻ തോട്, തെക്കനക്കന കനാൽ എന്നിവിടങ്ങളിലും മാലിന്യം തള്ളുന്നുണ്ടെന്ന് നഗരസഭ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് മറച്ചുവച്ച് ഇക്കൂട്ടർക്ക് കുടപിടിക്കുകയാണ് അധികൃതർ. ജലാശയങ്ങളിലെ ഈ മാലിന്യം പലവിധ രോഗങ്ങൾക്കും കാരണമാകുന്നുണ്ട്.

നിയന്ത്രണമില്ല

നഗരത്തിലുടനീളം അനുമതിയില്ലാതെയാണ് അറവ് നടത്തുന്നത്. പോത്ത്, കാള, ആട് എന്നിവയുടെ അറവ് നിയമവിരുദ്ധമായും നടക്കുന്നുണ്ട്. കൃത്യമായ നിയമവും കർശന മാർഗനിർദേശങ്ങളുമുണ്ടായിട്ടും ഭൂരിപക്ഷമിടങ്ങളും നിയന്ത്രണമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ശുചിത്വം പാലിക്കുന്നില്ലെന്നതും ഗുരുതര പ്രശ്നമാണ്.

നിയമമുണ്ട്; പക്ഷേ നടപ്പാക്കില്ല

അറവുശാലകൾ നഗരസഭയിൽ നിന്ന് ലൈസൻസ് നേടണം. എന്നാൽ നഗരത്തിലെ ഒന്നിനും ലൈസൻസില്ല.

84 നിർദ്ദേശങ്ങളുള്ള സർക്കാരിന്റെ അറവുശാല സർക്കുലർ നിലവിലുണ്ടെങ്കിലും 13 വർഷമായി അത് ഭേദഗതി ചെയ്യുകയോ പാലിക്കപ്പെടുകയോ ചെയ്തിട്ടില്ല. അറവുശാലകൾക്ക് പ്രത്യേകം സജ്ജമാക്കിയ കെട്ടിടം ഉണ്ടായിരിക്കണം, അറവിന് മുമ്പും ശേഷവും കാലിമൃഗം ഭക്ഷ്യയോഗ്യമോ എന്ന് വെറ്ററിനറി ഡോക്ടർ പരിശോധിച്ച് ഉറപ്പുവരുത്തണം, മാംസം പ്രദർശിപ്പിക്കുന്നതിനും സൂക്ഷിക്കാവുന്ന സമയത്തിനും നിയന്ത്രണം വേണം, മാലിന്യ സംസ്കരണത്തിന് ചെറിയ പ്ളാന്റ് വേണം തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.