minister

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രത്യേകമായ എന്തെങ്കിലും നിർദ്ദേശം പ്രതിപക്ഷത്തിനുണ്ടെങ്കിൽ അതിനോട് തുറന്ന സമീപനമാണ് സർക്കാരിനുള്ളതെന്ന് പ്രതിപക്ഷ നേതാവിനുള്ള തുറന്ന കത്തിൽ മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. മാലിന്യസംസ്‌കരണ രംഗത്ത് കേരളത്തിൽ ഒന്നും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിക്കുന്നത് വസ്തുതകൾ പൂർണമായും ശ്രദ്ധയിൽ വരാത്തതിനാലാണ്.


ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമാണ് മുഖ്യമന്ത്രി നിയമസഭയിൽ മാലിന്യമുക്ത നവകേരളം ലക്ഷ്യംവച്ചുള്ള തീവ്ര കർമ്മപദ്ധതി പ്രഖ്യാപിച്ചത്. അതിലൂടെ കൈവരിച്ച നേട്ടം കണക്കുകളിലൂടെ മനസിലാക്കാനാവും. ക്ലീൻ കേരള കമ്പനി 2023 മാർച്ച് വരെയുള്ള ഒരു വർഷം ശേഖരിച്ചത് 30,217 ടൺ മാലിന്യമാണ്. കർമ്മപരിപാടി പ്രഖ്യാപിച്ചശേഷം 2024 ജൂൺവരെ ശേഖരിച്ചത് 61,947.97 ടൺ.

ക്ലീൻ കേരള കമ്പനിയുടെ വരുമാനം, അവർ ഹരിതകർമ്മ സേനയ്ക്ക് നൽകിയ തുക എന്നിവയിലും സമാനമായ വർദ്ധനവ് ഉണ്ടായി. കമ്പനി 2023-24 സാമ്പത്തികവർഷം സേനയ്ക്ക് 9.79 കോടി നൽകി. എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങളും ശക്തമാക്കി. 2023 ജൂലായ് 11വരെ ഒരു വർഷത്തെ കണക്കനുസരിച്ച് 1,138 പരിശോധനകളാണ് നടന്നതെങ്കിൽ 2024 ജൂലായിൽ 44,682 ആയി വർദ്ധിച്ചു.

ബ്രഹ്മപുരത്തെ മാലിന്യമല 40% ബയോ മൈനിംഗിലൂടെ നീക്കം ചെയ്ത് സ്ഥലം വീണ്ടെടുത്തു. മാലിന്യ സംസ്‌കരണത്തിന് ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും ലഭ്യമാക്കിയ നാല് സ്മാർട്ട് മെഷീനുകളും റോഡ് സ്വീപ്പിംഗ് മെഷീനുകളും സക്ഷൻ കം ജെറ്റിംഗ് മെഷീനുകളുമെല്ലാം ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമാണ്.

ഉത്തരവാദിത്വം നിറവേറ്റണം

പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളും വിലക്കുകളും സൃഷ്ടിച്ച പരിമിതികളുണ്ടായിട്ടും മഴക്കാലപൂർവ ശുചീകരണം ഫലപ്രദമായി നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. മാലിന്യപ്രശ്നം പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും സൃഷ്ടിച്ച സംവിധാനങ്ങളും മാത്രം മതിയാവില്ല. ജനങ്ങളുടെ മനോഭാവത്തിലെ മാറ്റവും പ്രധാനമാണ്. ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമായി ഇത് മാറേണ്ടതുണ്ട്. ഇത് സൃഷ്ടിക്കുന്നതിൽ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും അവരവരുടേതായ ഉത്തരവാദിത്വം നിറവേറ്റണം. ഇതൊരു കക്ഷിരാഷ്ട്രീയ പ്രശ്നമായി സർക്കാർ കാണുന്നില്ല.