ശംഖുംമുഖം: ആക്കുളത്തെ ദക്ഷിണ വ്യോമസേന ആസ്ഥാനം സ്ഥാപിതമായതിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് വ്യോമസേനയുടെ സാരംഗ്, എം.ഐ 17 ഹെലിക്കോപ്ടറുകൾ തലസ്ഥാനത്ത് ആകാശ വിസ്മയക്കാഴ്ചയൊരുക്കി. ഉച്ചയ്ക്ക് 2.30ഓടെ സുല്ലൂർ എയർബേസിൽ നിന്ന് വനിതകൾ ഉൾപ്പെടുന്ന 12 അംഗ ഗരുഡ് കമാൻഡോ സംഘം എം.ഐ 17 ഹെലിക്കോപ്ടറിൽ വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിലേക്ക് പറന്നെത്തി. മൂന്നുതവണ വ്യോമസേന താവളത്തെ വട്ടമിട്ടു പറന്ന ഹെലിക്കോപ്ടറിൽ നിന്ന് കാമാൻഡോകൾ റോപ്പിലൂടെ താഴേക്കിറങ്ങി സൈനിക പ്രകടനം നടത്തി. ഇതിനു പിന്നാലെ അഞ്ച് സാരംഗ് ഹെലിക്കോപ്ടറുൾ രംഗത്തിറങ്ങി. തലങ്ങും വിലങ്ങും മിന്നൽപ്പിണർപ്പോലെ ചീറിപ്പാഞ്ഞു. നേർക്കുനേരെയും തലകീഴായും നടത്തിയ അഭ്യാസ പ്രകടനങ്ങൾ കാഴ്ചക്കാരുടെ ചങ്കിടിപ്പേറ്റി.

വിദ്യാർത്ഥികളും വിശിഷ്ടാഥിതികളും ഉൾപ്പെടെയുള്ള കാണികൾ നിറകൈയടികളോടെ ഹെലികോപ്ടറുകളെ വരവേറ്റു.

സാരംഗ് ഹെലിക്കോപ്ടറുകളുടെ ഗ്രൂപ്പ് ക്യാപ്റ്റൻ എസ്.കെ.മിശ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് എയർഷോയ്ക്ക് നേതൃത്വം നൽകിയത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഇവിടത്തെ കാലാവസ്ഥ അഭ്യാസപ്രകടനങ്ങൾ നടത്താൻ അനുകൂലമാണെന്നും എസ്.കെ.മിശ്ര പറഞ്ഞു. 2.33ന്ആരംഭിച്ച പ്രകടനം 3.30വരെ തുടർന്നു. എയർഷോയ്ക്ക് അകമ്പടിയായി എയർ വാരിയർ ടീമിന്റെ ഡ്രില്ലും എയർഫോഴ്സ് ബാന്റ് സംഘത്തിന്റെ സംഗീത പരിപാടിയും നടന്നു.

സംഘത്തിൽ മലയാളികളും
അഞ്ച് സാരംഗ് വിമാനങ്ങളിൽ രണ്ടെണ്ണം നിയന്ത്രിച്ചത് കവടിയാർ സ്വദേശി രാഹുൽ, പാപ്പനംകോട് കൈമനം സ്വദേശി സച്ചിനും സ്ക്വാഡ് ലീഡറായ കോട്ടയം സ്വദേശി ആൻമോളുമാണ്. എന്തിനെയും നേരിടാനുള്ള ആത്മവിശ്വാസവും കരുത്തുമാണ് തങ്ങളെ ഇതിന്റെ ഭാഗമാക്കിയതെന്നും കേരളത്തിലെ യുവാക്കൾ ഈ രംഗത്തേക്ക് കൂടുതൽ കടന്നുവരണമെന്നും അവർ പറഞ്ഞു.