തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് സഹായം നൽകുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന നഗരസഭ സ്‌പെഷ്യൽ കൗൺസിലിൽ ഭരണ - പ്രതിപക്ഷ രാഷ്ട്രീയപ്പോര്. ജോയിയുടെ കുടുംബത്തിന് ഒരുകോടി രൂപയും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്തെ ഓപ്പറേഷൻ അനന്ത തുടരാൻ പ്രമേയം കൊണ്ടുവരണമെന്ന ആവശ്യത്തോട് മേയർ പ്രതികരിക്കാത്തതിനാൽ കോൺഗ്രസ് യോഗം ബഹിഷ്‌കരിച്ചു.

പതിവുപോലെ കൗൺസിൽ ബഹളത്തിൽ മുങ്ങി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് മാത്രം നന്ദി പറഞ്ഞ മേയറുടെ നടപടിയെ ബി.ജെ.പിയിലെ തിരുമല അനിൽ ചോദ്യം ചെയ്തതോടെയാണ് ബഹളം തുടങ്ങിയത്. പാർലമെന്ററി പാർട്ടി നേതാവ് എം.ആർ. ഗോപനും ഇക്കാര്യം ഉന്നയിച്ചു. തുടർന്ന് തിരുവനന്തപുരം മാലിന്യക്കയമാക്കിയ മേയർ രാജിവയ്ക്കുക,ഒരു കോടിയും ജോലിയും നൽകുക' എന്ന് ബാനറുമായി ബി.ജെ.പി കൗൺസിലർമാർ നടുത്തളത്തിലിറങ്ങി. ഡെപ്യൂട്ടി മേയർ പി.കെ.രാജുവിന്റെ പ്രസംഗവും ബഹളം രൂക്ഷമാക്കി. സർക്കാർ 10 ലക്ഷം രൂപയും നഗരസഭ വീടും നൽകുന്ന സാഹചര്യത്തിൽ ഒരുകോടി നഷ്ടപരിഹാരം നൽകാൻ കൗൺസിൽ ഒറ്റെക്കെട്ടായി റെയിൽവേയോട് ആവശ്യപ്പെടുമോയെന്ന് മേയർ ആര്യാ രാജേന്ദ്രൻ തിരിച്ചുചോദിച്ചു. എന്നാൽ റെയിൽവേയോട് ആവശ്യപ്പെടാൻ നഗരസഭയ്‌ക്ക് അധികാരമില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. കൗൺസിൽ അവസാനിക്കുന്നതുവരെയും ബി.ജെ.പി പ്രതിഷേധം തുടർന്നു. ഇതേസമയം,​ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ജോയിയുടെ കുടുംബത്തിന് 30 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് പി.പദ്മ‌കുമാർ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ,​ എസ്.സുരേഷ് കുമാർ, എസ്.സലിം, വി.എസ്. സുലോചനൻ, മേരി പുഷ്പം, അംശു വാമദേവൻ എന്നിവരും സംസാരിച്ചു.

 സെൽ രൂപീകരിക്കും

ആമയിഴഞ്ചാനിൽ കക്കൂസ് മാലിന്യം അടക്കമുള്ളവ തള്ളുന്നത് തടയാൻ ജീവനക്കാരുടെ സെ‍ൽ രൂപീകരിക്കാനും തീരുമാനിച്ചു. ശുചീകരണ തൊഴിലാളികൾക്ക് ആറുമാസത്തിലൊരിക്കൽ മെഡിക്കൽ ക്യാമ്പ് നടത്തും. ഫയർ ഫോഴ്സിന്റെ മേൽനോട്ടത്തിൽ തൊഴിലാളികൾക്ക് വിദഗ്ദ്ധ പരിശീലനവും നൽകും.