hi

വെഞ്ഞാറമൂട്: വിശ്രമവേളകളിൽ അധിക വരുമാനം കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് മാണിക്കലിലെ ഹരിതകർമ്മസേനാംഗങ്ങൾ. വീടുകളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും മാലിന്യ ശേഖരണത്തിനു ശേഷം കിട്ടുന്ന സമയങ്ങളിൽ മറ്റ് സ്വയംതൊഴിലുകൾ ചെയ്ത് കൂടുതൽ വരുമാനം കണ്ടെത്തുകയാണ് ഇവർ. ഹരിതകർമ്മസേനയുടെ മാലിന്യശേഖരണ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ 'ഹരിതമിത്രം' എന്ന മൊബൈൽ ആപ്ലിക്കേഷൻ ജില്ലയിൽ മാണിക്കൽ ഗ്രാമ പഞ്ചായത്തിലാണ് ആദ്യമായി നടപ്പിലാക്കിയത്. മൂന്ന് പേരടങ്ങുന്ന സോണുകളായി തിരിച്ചു മാലിന്യ ശേഖരണം നടത്തുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് മാണിക്കൽ ഗ്രാമപഞ്ചായത്ത്. വാർഡുകളിലെ വീടുകളിൽ നിന്നും മാലിന്യം മാറ്റുന്നതിനായി ഓരോ പ്രവർത്തകരെയാണ് നിയോഗിക്കുന്നത്.

 വരുമാനം നേടാം

തമ്പുരാട്ടി എന്ന പേരിൽ ബാത്ത് സോപ്പ്, അലക്ക് സോപ്പ്, ലോഷൻ നിർമ്മാണം, തയ്യൽ നിർമ്മാണ യൂണിറ്റ്, പഴയ തുണികൾ മാറ്റിയെടുക്കുന്ന സെന്റർ എന്നിവയും ഉണ്ട്. കല്യാണ, പിറന്നാൾ പരിപാടികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തി മാലിന്യം തിരിച്ച് ശേഖരിക്കുന്നു. അമ്പലങ്ങൾ, പള്ളികൾ തുങ്ങിയ ഉത്സവ സമയങ്ങളിൽ ഹരിത പ്രോട്ടോക്കോൾ വഴി മാലിന്യം സംഭരിക്കുകയും ചെയ്യുന്നു.

44 അംഗങ്ങളാണ് 21 വാർഡുകളിലായി പ്രവർത്തിക്കുന്നത്. അതിൽ പ്രായമായ 11 പേർ പൂലന്തറ ലക്ഷ്മിപുരത്തെ പ്ലാന്റിലും പ്രവർത്തിക്കുന്നു. ഇവരാണ് ഇടവേളകളിൽ മറ്റു പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നത്.

വിവിധ പ്രവർത്തനങ്ങളിലൂടെ പതിനായിരം മുതൽ പതിനയ്യായിരം രൂപ വരെയാണ് ഓരോ അംഗങ്ങൾക്കും ഓരോ മാസവും ലഭിക്കുന്നത്.