വർക്കല: സംസ്ഥാന ജലപാതയായ ടി.എസ് കനാലിന് മുകളിലായി വർക്കല-പാരിപ്പള്ളി പ്രധാന റോഡിലെ നടയറ പാലം അറ്റകുറ്റപണികൾ യഥാസമയം നടത്താതെ തകർച്ചയുടെ വക്കിൽ. കോൺക്രീറ്റ് ഇളകി മാറി പാലത്തിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യേന പാലത്തിലൂടെ കടന്നുപോകുന്നത്. കോൺക്രീറ്റ് ഇളകിയതോടെ ഇരുമ്പ് കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുന്നത് അപകടങ്ങൾക്ക് വഴിതെളിക്കുന്നു. കമ്പികൾ തുളച്ചുകയറി വാഹനങ്ങളുടെ ടയറുകൾ പഞ്ചർ ആകുന്നതും പതിവാണ്. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കോൺക്രീറ്റ് സ്ലാബുകൾ തകർന്ന നിലയിലാണ്. കൈവരികൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ട്. തൊട്ടാൽ അടർന്നുവീഴുന്ന അവസ്ഥയിലാണ് കൈവരികൾ. ഇരുചക്രവാഹന യാത്രക്കർ രാത്രിയാത്രയിൽ പാലത്തിലെ കുഴികൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്.
അറ്റകുറ്റപണികൾ വൈകരുത് ...
2003 ജൂൺ മാസത്തിലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. 5 കോടി രൂപ മുതൽമുടക്കി പൊതുമരാമത്ത് വകുപ്പ് നിർമ്മാണം പൂർത്തിയാക്കുകയും 2006ൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി റോഡ് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുകയുമാണുണ്ടായത്. പാലത്തിന്റെ ഘടന ഉറപ്പുള്ളതാണെങ്കിലും അറ്റകുറ്റപണികളിൽ വന്നിട്ടുള്ള അലംഭാവം ഗുരുതര വീഴ്ചയാണ്. പി.ഡബ്ലിയു.ഡി റോഡ് വിഭാഗത്തിനാണ് പാലത്തിന്റെ സംരക്ഷണചുമതല. നിലവിലെ പോരായ്മകൾ പരിഹരിച്ച് പാലം സുരക്ഷിതമാക്കണമെന്നും അപകട സാഹചര്യം ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പാലം കൈയടക്കി തെരുവുനായ്ക്കളും
സമീപത്തെ അനധികൃത അറവുശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഭക്ഷിച്ചശേഷം നായ്ക്കൾ തമ്പടിക്കുന്നത് പാലത്തിലാണ്. വിദ്യാർത്ഥികളെയും കാൽനടയാത്രക്കാരെയും നായ്ക്കൾ ആക്രമിക്കുന്നത് പതിവാണ്. ബൈക്ക് യാത്രികരും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.