നെയ്യാറ്റിൻകര: മാരായമുട്ടം പെരുങ്കടവിള ഗ്രാമപഞ്ചയത്തിലെ റോഡുകൾ തകർന്ന് യാത്ര ചെയ്യാനാകാത്ത രീതിയിലാണ്.
മലകുളങ്ങര ജെഹിയോൽ നഗർ റോഡ്, കാക്കണം ആലത്തൂർ റോഡ്, ചുള്ളിയൂർ കരിക്കത്ത്ക്കുളം റോഡ്, ചുള്ളിയൂർ ചെറുവിളാകം റോഡ്, കമ്പോട്ടി മാരായമുട്ടം റോഡ്, മണലുവിള തുയൂർ റോഡ്, ചപ്പാത്ത് അണമുഖം റോഡ്, ഇടഞ്ഞി അക്വഡേറ്റ് റോഡ് എന്നീ റോഡുകളാണ് തകർന്നു കിടക്കുന്നത്. ഇവിടങ്ങളിലെ നാല് സ്കൂളുകളിലായി പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
പെരുങ്കടവിള പഞ്ചായത്തിന് പുറമെ കെ.എസ്.ആർ.ടി.സി ബസിനെ ആശ്രയിച്ചെത്തുന്ന വെള്ളറട, പാറശാല, നെയ്യാറ്റിൻകര നഗരസഭ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ റോഡ് മോശമായതോടെ ബസിനെ ആശ്രയിക്കാൻ മടിക്കുകയാണ്.
കഴിഞ്ഞ 5 വർഷത്തിനിടെ വലിയ അപകടങ്ങൾ ഉണ്ടായെങ്കിലും വിദ്യാർത്ഥികൾ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ആശ്രയം സമാന്തര സർവീസ്
അപകടങ്ങൾ ഒഴിവാക്കാനായി വിദ്യാർത്ഥികൾ സമാന്തര സർവീസിനെയാണ് ആശ്രയിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് കൺസെക്ഷൻ അനുവദിച്ചിട്ടുണ്ടെങ്കിലും അപകട സാദ്ധ്യത കണക്കിലെടുത്ത് പണം നൽകിയാണ് സമാന്തര സർവ്വീസിൽ രക്ഷിതാക്കൾ കുട്ടികളെ കയറ്റുന്നത്.
വെള്ളക്കെട്ടും
പെരിങ്കടവിള ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്നതിനാൽ ശക്തമായ മഴയിൽ റോഡ് നിറയെ വെള്ളക്കെട്ടാണ്. അമരവിള ഒറ്റശേഖരമംഗലം റോഡ് ഹൈടെക്കാക്കുന്നതിനായി 27 കോടി രൂപ കിഫ്‌ബി അനുവദിച്ചിരുന്നു. കരാറുകാരൻ പണം കൈപ്പറ്റിയെങ്കിലും പണിപൂർത്തിയാക്കിയില്ല.
കുത്തിപ്പൊളിച്ചിട്ട റോഡും വർഷങ്ങളായി ടാർ ചെയ്തിട്ടില്ല.
തകർന്ന് റോഡുകൾ
പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളായ ആലത്തൂർ കാക്കണ റോഡ്, ഉദയൻപാറ പാട്ടവള റോഡ്, മാരായമുട്ടം മാലകുളങ്ങര സെഹിയോൻ നഗർ റോഡ്, ചുള്ളിയൂർ കരിക്കത്തുകളും റോഡ്, അയിരൂർ പുളിമാങ്ങോട് റോഡ്, മാരായമുട്ടം ഗവൺമെന്റ് എച്ച്.എസ്.എസിലെ കുട്ടികൾ ആശ്രയിക്കുന്ന മണലുവിള ഹൈസ്കൂൾ റോഡ്, അരുവിപ്പുറം ഒടുക്കത്ത് മാരായമുട്ടം റോഡ്, മാരായമുട്ടം ചിറ്റാറ്റിൻകര റോഡ് എന്നിവിടങ്ങൾ തകർന്നു കിടക്കുകയാണ്.
ജനങ്ങളുടെ ആശ്രയം
പെരുങ്കടവിള പഴമല റോഡ്, പഴമല തെളുക്കുഴി റോഡ്, പഴമല തോട്ടവാരം റോഡ്, ആലത്തൂർ വാഴാലി റോഡ്, കോട്ടയ്ക്കൽ പുതുവൽ പൊറ്റ റോഡ്, കോട്ടയ്ക്കൽ തൃപ്പലവൂർ റോഡ് തുടങ്ങി പഞ്ചായത്തിലെ റോഡുകളും തകർന്നു. പഞ്ചായത്ത് ഭരണസമിതിയും സംസ്ഥാന സർക്കാരും റോഡിന്റെ മെയിന്റനൻസ് കാലാകാലങ്ങളിൽ ചെയ്യാത്തതാണ് റോഡ് തകരാൻ കാരണം.
ഫണ്ട് അനുവദിക്കില്ല
തകർന്ന റോഡുകൾ പുനരുദ്ധരിക്കുന്നതിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടാണ് പഞ്ചായത്ത് ഭരണസമിതിക്ക്.
കിടപ്പുരോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസ് വരാത്ത സാഹചര്യമാണ്. ഇതിനെതിരെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകാൻ കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.അനിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാരായമുട്ടം മണ്ഡലം കമ്മിറ്റിയോടും, യൂത്ത് കോൺഗ്രസ് പെരിങ്കടവിള മണ്ഡലം കമ്മിറ്റിയോടും ആവശ്യപ്പെട്ടു.
തുടർ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മാരായമുട്ടം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിനിൽ മണലുവിളയും, യൂത്ത് കോൺഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് അരുവിപ്പുറം കൃഷ്ണകുമാറും പറഞ്ഞു.