ആറ്റിങ്ങൽ: നഗരസഭയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിൽ എൽ.ഡി.എഫ്,​ യു.ഡി.എഫ് സ്ഥാനാർത്ഥികളും പ്രചാരണച്ചൂടിൽ. 22-ാം വാർഡായ ചെറുവള്ളിമുക്ക്, 28-ാം വാർഡായ തോട്ടവാരം എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. വനിതാസംവരണ വാർഡുകളായ രണ്ടിടത്തും ബി.ജെ.പി കൗൺസിലർമാർ രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ചെറുവള്ളിമുക്കിൽ വി.പി.സംഗീതാ റാണിയും തോട്ടവാരത്ത് എ.എസ്. ഷീലയുമായിരുന്നു കൗൺസിലർമാർ. ഇവർ ഫെബ്രുവരി 29ന് കൗൺസിലർ സ്ഥാനം രാജിവച്ചു. ചെറുവള്ളിമുക്കിൽ എം.എസ് മഞ്ജുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. എസ്. ശ്രീകല യു.ഡി.എഫിനും ആർ.എസ്. മിനി എൻ.ഡി.എ സ്ഥാനാർത്ഥിയായും മത്സരിക്കുന്നു. ആകെയുള്ള 31 സീറ്റുകളിൽ ഭരണകക്ഷിയായ എൽ.ഡി.എഫ് - 18, യു.ഡി,എഫ് - 6,​ ബി.ജെ.പി - 5 എന്നിങ്ങനെയാണ് കക്ഷിനില. തോട്ടവാരത്ത് ജി.ലേഖ ( എൽ.ഡി.എഫ്)​,​ ബി.നിഷ (യു.ഡി.എഫ്)​,​ സ്വാതി (എൻ.ഡി.എ)​ എന്നിവരാണ് സ്ഥാനാർത്ഥികൾ. 30നാണ് വോട്ടെടുപ്പ്,​ 31 ന് വോട്ടെണ്ണും.