പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ മടത്തറ,​ കൊല്ലായിൽ,​ കരിമൺകോട് വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ചൂടേറിയ പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. കൺവെൻഷനുകൾ പൂർത്തിയാക്കി ഭവന സന്ദർശനങ്ങളിലാണ് മൂന്ന് മുന്നണികളും പ്രാധാന്യം നൽകുന്നത്. എൽ.ഡി.എഫിനു വേണ്ടി വി. ജോയി എം.എൽ.എ, എ.എ.റഹിം, സുപാൽ എന്നിവരും യു.ഡി.എഫിനു വേണ്ടി പാലോട് രവി, കെ.എസ്.ശബരീനാഥൻ, ബി.ആർ.എം ഷഫീർ, ബി.ജെ.പിക്കു വേണ്ടി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ജില്ലാപ്രസി‌ഡന്റ് വി.വി.രാജേഷ് എന്നിവരുമാണ് കൺവെൻഷനുകൾക്ക് നേതൃത്വം നൽകിയത്. അടൂർ പ്രകാശ് എം.പി കഴിഞ്ഞ ദിവസം മൂന്ന് വാർഡുകളിലും നടന്ന ഭവനസന്ദർശനത്തിൽ പങ്കെടുത്തു. യു.ഡി.എഫ് ഭരിച്ചിരുന്ന പെരിങ്ങമ്മല പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്നു പേർ രാജിവച്ച് സി.പി.എമ്മിൽ ചേർന്നതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. രാജിവച്ചവർ തന്നെയാണ് എൽ.ഡി.എഫിന് വേണ്ടി വീണ്ടും മത്സരിക്കുന്നത്. മടത്തറ വാർഡിൽ ഷിനു (എൽ.ഡി.എഫ്), ഷൈജ (യു.ഡി.എഫ്), ഷാജി ( ബി.ജെ.പി), കൊല്ലായിൽ വാർഡിൽ കലയപുരം അൻസാരി (എൽ.ഡി.എഫ്), റുക്കിയ ബീവി (യു.ഡി.എഫ്), അനിൽകുമാർ (ബി.ജെ.പി), കരിമൺകോട് വാർഡിൽ ഷെഹ്നാസ് (എൽ.ഡി.എഫ്), സുഭാഷ് (യു.ഡി.എഫ്), ദീപു (ബി.ജെ.പി) എന്നിവരാണ് മുന്നണി സ്ഥാനാർത്ഥികൾ. ഏഴ് സ്വതന്ത്രരും മത്സരത്തിനുണ്ട്. 30നാണ് വോട്ടെടുപ്പ്.