തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ദിനംപ്രതി കുമിഞ്ഞുകൂടുന്ന മാലിന്യം സംസ്കരിക്കുന്നതിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ വൻ ദുരന്തമായി മാറും. അതിനാൽ വീഴ്ചകളില്ലാതെ മഴക്കാലപൂർവ ശുചീകരണമടക്കമുള്ളവ നടത്തുന്നതിനുള്ള മനസാണ് ഭരണതലത്തിൽ വേണ്ടത്. ഒപ്പം മാലിന്യം വലിച്ചെറിയില്ലെന്ന ജനങ്ങളിലെ സ്വയംബോദ്ധ്യവും.കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ പുതിയ ഭേദഗതി പ്രകാരം മാലിന്യം ഉറവിടത്തിൽ ശാസ്ത്രീയമായി സംസ്‌കരിക്കാത്തതും ജലാശയങ്ങൾ മലിനമാക്കുന്നതും ഗൗരവമേറിയ കുറ്റങ്ങളാണ്.
ഹരിതകർമ്മ സേനയെ ശക്തിപ്പെടുത്തണം
പ്ളാസ്റ്റിക് പോലുള്ള അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നത് ഹരിതകർമ്മസേനയാണ്. പ്രതിമാസം നഗരത്തിലുണ്ടാവുന്നത് 3.5 ടൺ പ്ലാസ്റ്റിക് മാലിന്യമാണ്.3.43 ലക്ഷം വീടുകളിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്.പ്ളാസ്റ്റിക്ക് കുപ്പികളും കവറുകളും തരംതിരിച്ചാണ് നൽകേണ്ടത്. കവറുകളിൽ വെള്ളത്തിന്റെ അംശമുണ്ടായാൽ ഹരിതകർമ്മസേന എടുക്കില്ല.ഇത് വീട്ടുകാർ റോഡരുകളിലും മറ്റും ഉപേക്ഷിക്കുകയാണ്.
മാലിന്യം തള്ളുന്നതിനെതിരെ ഹരിതകർമ്മസേന വഴി ജനങ്ങളെ ബോധവത്കരിക്കണം.
നഗരസഭയുടെ നയമായ ഉറവിട മാലിന്യസംസ്‌കരണം ഫലം കാണണമെങ്കിൽ കിച്ചൺ, എയ്റോബിക് ബിന്നുകളുടെ പരിപാലനത്തിന് പ്രത്യേക സംവിധാനം വേണം. വീടുകളിലെ കിച്ചൺ ബിൻ ഉപയോഗം നിരീക്ഷിക്കാൻ ഹരിതകർമ്മസേനയെ പ്രയോജനപ്പെടുത്തണം. നിലവിൽ ഏജൻസികൾക്ക് അംഗീകാരമുണ്ടോയെന്നത് പ്രത്യേകം പരിശോധിക്കണം. ദ്രവമാലിന്യ ശേഖരണവും സംസ്‌കരണത്തിനുമായി രണ്ട് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളുണ്ടെങ്കിൽ ജനസംഖ്യ കൂടുന്ന സാഹചര്യത്തിൽ ഒരെണ്ണം കൂടി സ്ഥാപിക്കാം.107 എം.എൽ.ഡി ശേഷിയുള്ള മുട്ടത്തറയിലെ പ്ലാന്റിലേക്ക് 44 വാർഡുകളിലെ മാലിന്യമാണ് എത്തുന്നത്. 5 എം.എൽ.ഡി ശേഷിയുള്ളതാണ് മെഡിക്കൽ കോളേജിലെ പ്ലാന്റ്.
നഗരസഭയുടെ വികേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതി ശക്തിപ്പെടുത്തുകയും വേണം. അജൈവമാലിന്യ ശേഖരണത്തിന് സ്‌പെഷ്യൽ കളക്ഷൻ ഡ്രൈവ് നടത്തണം. തോടുകളിലെ മാലിന്യം ഒഴുക്കുന്നത് തടയാൻ കൂടുതൽ ട്രാഷ് ബ്രൂം സ്ഥാപിക്കണം.നിലവിൽ 15 എണ്ണമേയുള്ളൂ.
ചെയ്യേണ്ടത്
മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കണം
മാലിന്യ സംസ്കരണത്തിന് വിദഗ്ദ്ധരടങ്ങിയ സമിതിയുണ്ടാക്കണം
മാലിന്യശേഖരണത്തിന് കലണ്ടർ
മഴക്കാലപൂർവ ശുചീകരണം സമയബന്ധിതമായി ചെയ്യണം
ഓടകളും തോടുകളും കൃത്യമായ ഇടവേളകളിൽ ശുചീകരിക്കണം
ഇനി ഒരു വിട്ടുവീഴ്ചയുമില്ല: മേയർ
പൊതുസ്ഥലത്ത് ജനങ്ങൾ മാലിന്യം വലിച്ചെറിയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് മേയറുടെ അഭ്യർത്ഥന.ഇനി ഒരു ജീവനും നമുക്ക് നഷ്ടപ്പെടുത്താനാവില്ല.അതുകൊണ്ടുതന്നെ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള മാലിന്യസംസ്‌കരണ മാർഗങ്ങൾ സ്വീകരിക്കണം. കുറവുകളുണ്ടെങ്കിൽ മേയറുടെ 9447377477 എന്ന നമ്പറിലോ പരാതിപരിഹാര സെല്ലിലോ അറിയിക്കണം. മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കും. ആദ്യപടിയായി മാത്രമാണ് നിലവിലെ നിയമമനുസരിച്ചുള്ള പിഴ ചുമത്തിയത്. പിഴ വർദ്ധിപ്പിക്കുന്നതും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതും അടക്കമുള്ള നടപടികൾ ഇനിയുണ്ടാവും. മാലിന്യ സംസ്‌കരണം നഗരസഭയുടെയോ സർക്കാരിന്റെയോ ജീവനക്കാരുടെയോ മാത്രം ഉത്തരവാദിത്വമല്ല. ജനങ്ങൾക്കും ബാദ്ധ്യതയുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ വ്യക്തമാക്കുന്നു.