തിരുവനന്തപുരം: ആറ് ജില്ലകൾക്കും വിഴിഞ്ഞം തുറമുഖത്തിനും ഗുണകരമായ ശബരി റെയിൽപാത നിർമ്മാണത്തിന് സംസ്ഥാന വിഹിതമായി നൽകേണ്ട 1900.47കോടി കണ്ടെത്താൻ സർക്കാർ ശ്രമംതുടങ്ങി. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ വായ്പാപരിധി കുറച്ച സാഹചര്യത്തിൽ കൂടുതൽ കടമെടുക്കാനാവാത്ത സ്ഥിതിയാണെന്നാണ് ധനവകുപ്പിന്റെ നിലപാട്. കിഫ്ബിയിൽനിന്ന് പണം കണ്ടെത്താനായിരുന്നു നേരത്തേ ശ്രമിച്ചത്. എന്നാൽ കിഫ്ബിയിൽനിന്ന് സമാഹരിക്കുന്ന പണം സംസ്ഥാനത്തിന്റെ പൊതുകടത്തിൽപെടുത്തി കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയാണ്. ധനവകുപ്പ് ഇക്കാര്യമറിയിച്ചതോടെയാണ് ശബരിപാതയ്ക്കുള്ള സംസ്ഥാനവിഹിതം കണ്ടെത്താൻ ചീഫ്സെക്രട്ടറി ഡോ.വി.വേണു മറ്റുമാർഗ്ഗങ്ങൾ തേടുന്നത്.
27വർഷംമുൻപ് പ്രഖ്യാപിച്ച പദ്ധതിയോട് ഇതുവരെ കണ്ണടച്ചിരുന്ന റെയിൽവേ, വിഴിഞ്ഞം തുറമുഖ കണക്ടിവിറ്റിയടക്കം പരിഗണിച്ച് ഇപ്പോൾ അനുകൂലമായപ്പോൾ സംസ്ഥാനം വിഹിതംനൽകാതെ മുഖംതിരിക്കുകയാണെന്ന് വെള്ളിയാഴ്ച 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പണംകണ്ടെത്താൻ മറ്റുമാർഗ്ഗങ്ങൾ തേടാൻ ചീഫ്സെക്രട്ടറിയോട് സർക്കാർ നിർദ്ദേശിച്ചത്. കേന്ദ്രബഡ്‌ജറ്റിൽ പദ്ധതിക്കായി പണം വകയിരുത്തണമെന്നും സംസ്ഥാനവിഹിതം കേന്ദ്രം വായ്പയായി അനുവദിക്കണമെന്നുമാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാൽ പകുതിചെലവ് വഹിക്കാമെന്ന് ഉറപ്പുനൽകാതെ പദ്ധതിരേഖ(ഡി.പി.ആർ) പരിഗണിക്കില്ലെന്നാണ് റെയിൽവേബോർഡിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ഡീൻകുര്യാക്കോസ് എം.പിക്ക് ജൂൺ28ന് ദക്ഷിണറെയിൽവേ ജനറൽമാനേജർ ആർ.എൻ.സിംഗ് കത്ത്നൽകിയിരുന്നു. സംസ്ഥാനത്തിന്റെ ഉറപ്പുകിട്ടിയാൽ 2019ൽപദ്ധതി മരവിപ്പിച്ച ഉത്തരവ് റെയിൽവേ പിൻവലിക്കും.
പണംകണ്ടെത്താൻ
വായ്പയെടുക്കും
കേന്ദ്ര,സംസ്ഥാന റെയിൽവേ പദ്ധതികൾക്ക് വിദേശവായ്പയെടുക്കുന്നതിന് തടസമില്ലാത്തതിനാൽ അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് കുറഞ്ഞപലിശയ്ക്കും 40വർഷംവരെ തിരിച്ചടവ് കാലയളവിലും വായ്പകിട്ടും.
ബാങ്കുകളുടെ കൺസോർഷ്യമുണ്ടാക്കിയും വായ്പയെടുക്കാം. വിഴിഞ്ഞം തുറമുഖത്ത് പുലിമുട്ടുണ്ടാക്കാൻ അദാനിക്ക് നൽകേണ്ട 100കോടി, കൊച്ചിമെട്രോയുടെ ആദ്യഘട്ടത്തിനായി 1086.15കോടി ഇങ്ങനെയാണ് കണ്ടെത്തിയത്.
വിഴിഞ്ഞത്തിനായി കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ(കെ.എഫ്.സി) നിന്ന് പണം സ്വരൂപിച്ചിരുന്നു. സാമൂഹ്യസുരക്ഷാപെൻഷൻ നൽകാൻ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വായ്പയെടുക്കുന്നു.
സർക്കാർ ഗ്യാരന്റിയിൽ ഹഡ്കോയിൽനിന്ന് വിഴിഞ്ഞം തുറമുഖത്തിനായി 3600കോടി വായ്പയെടുക്കുന്നുണ്ട്. ഇതിന് ബഡ്ജറ്റിലുൾപ്പെടുത്തിയാണ് ഗ്യാരന്റി നൽകുന്നത്. പലിശനിരക്ക് 9.15ശതമാനം വരെയാണ്.
കൊങ്കൺ മോഡൽ
കൊങ്കൺപാതയ്ക്ക് റെയിൽവേയും കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളും ഓഹരിയെടുത്തിരുന്നു. 3555കോടിയായിരുന്നു ചെലവ്. ആഭ്യന്തര ധനകമ്പോളത്തിൽ നിന്ന് ബോണ്ടുകളിലൂടെ പണം സമാഹരിച്ചു. തിരിച്ചടവിന് ടിക്കറ്റിൽ അധികനിരക്കീടാക്കുന്നുണ്ട്.
''സംസ്ഥാനവിഹിതം കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ പരിശോധിക്കുകയാണ്.''
-ഡോ.വി.വേണു
ചീഫ്സെക്രട്ടറി
എസ്. സോമനാഥിന്
ഡോക്ടറേറ്റ്
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥിന് മദ്രാസ് ഐ.ഐ.ടിയുടെ ഡോക്ടറേറ്റ്. റോക്കറ്റുകൾ വിക്ഷേപിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം ഇല്ലാതാക്കാൻ എന്ത് ചെയ്യാനാകുമെന്ന ഗവേഷണത്തിനാണ് ഡോക്ടറേറ്റ് നൽകിയത്. ഇത് പിന്നീട് പി.എസ്.എൽ.വി. റോക്കറ്റിൽ ആദ്യമായി ഉപയോഗിക്കുകയും ചെയ്തു.മദ്രാസ് ഐ.ഐ.ടി.യുടെ 61മത് ബിരുദദാന ചടങ്ങിൽ വച്ചാണ് സോമനാഥിന് ഡോക്ടറേറ്റ് സമ്മാനിച്ചത്. അമേരിക്കക്കാരനായ നൊബേൽ ജേതാവ് പ്രൊഫ. ബ്രയാൻ കെ. കൊബിൽക ചടങ്ങിൽ മുഖ്യാതിഥിയായി. നിരവധി സർവകലാശാലകൾ അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. ഐ.ഐ.ടി മദ്രാസിൽ നിന്നും ബിരുദം നേടിയത് ബഹുമതിയായിട്ടാണ് കാണുന്നതെന്ന് ഡോക്ടറേറ്റ് സ്വീകരിച്ചതിന് പിന്നാലെ സോമനാഥ് പറഞ്ഞു.