vld-2

വെള്ളറട: ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിലെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷം സമാപിച്ചു. ആഘോഷത്തിന്റ ഭാഗമായി സിൽവർ ജൂബിലി സ്മാരക ഓഡിറ്റോറിയം,ലൈബ്രറി,നവീകരിച്ച ബോട്ടണി,സുവോളജി, ഫിസിക്സ്, കംപ്യൂട്ടർ ലാബുകൾ കോപ്പറേറ്റ് മാനേജർ റവ:ഫാ: ജോസഫ് അനിൽ ഉദ്ഘാടനം ചെയ്തു.

നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി നിർവഹിച്ചു.കോപ്പറേറ്റ് ട്രെയിനർ അജയ് കുമാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു.മോൺ.ജി ക്രിസ്തുദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ ഉദ്ഘാടനം ചെയ്തു.

തുടർന്നു നടന്ന സിൽവർ ജൂബിലി സമാപന സമ്മേളനം സി.കെ.ഹരീന്ദ്രൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോസഫ് അനിൽ,​ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്യാം,​ഗ്രാമപഞ്ചായത്ത് അംഗം .പ്രദീപ് കുമാർ,​പി.ടി.എ പ്രസിഡന്റ് ഷൈൻ ഡേവിഡ്,​ഹെഡ്മാസ്റ്റർ ജയൻ,​ സതീഷ് മാരായമുട്ടം,​പ്രിൻസിപ്പൽ ആർ.എസ് റോയി,​തുടങ്ങിയവർ സംസാരിച്ചു.ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർദ്ധന കുടുംബത്തിന് 8 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച വീടും കൈമാറി.ക്യാൻസർ രോഗികളായ രണ്ടുപേർക്ക് 9 ലക്ഷത്തോളം രൂപ സമാഹരിച്ചുനൽകി.മറ്റുവരുമാന മാർഗമൊന്നുമില്ലാത്ത 15 പേർക്ക് പ്രതിമാസം സ്നേഹ സ്പർശം എന്ന പേരിൽ പെൻഷൻ പദ്ധതിയും നടപ്പിലാക്കി. മുൻ ഇന്ത്യൻ പ്രസിഡന്റ് അബ്ദുൾ കലാമിന്റെ ജീവിതവും സംഭാവനകളും യുവതലമുറയെ പരിചയപ്പെടുത്തുന്നതിനായി ഡോ.എ.പി.ജെ അബ്ദുൾകലാം സ്റ്റഡി സെന്ററിനും തുടക്കം കുറിച്ചു.