തിരുവനന്തപുരം: മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർട്സ് കോളേജിൽ നിന്ന് നഗരസഭ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് അഞ്ചുതവണ ജലപീരങ്കി പ്രയോഗിച്ചു.തുടർന്ന് കോർപ്പറേഷൻ വളപ്പിനുള്ളിൽ മതിൽ ചാടി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആവശ്യത്തിന് വനിതാ പൊലീസില്ലാത്തതിനാൽ പ്രവർത്തകർക്ക് അനായാസം കോർപ്പറേഷൻ വളപ്പിനുള്ളിൽ പ്രവേശിക്കാൻ സാധിച്ചു.
ഏറെനേരം പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രവർത്തർക്ക് നിസാര പരിക്കുകളുണ്ടായി.മാലിന്യ സംസ്കരണത്തിലും നിർമ്മാർജ്ജനത്തിലും തിരുവനന്തപുരം നഗരസഭ കാട്ടുന്ന അലംഭാവത്തിനെതിരെയും കോർപ്പറേഷന്റെ ഭരണവിരുദ്ധ നയങ്ങൾക്കെതിരെയുമായിരുന്നു മാർച്ച്. ജില്ലാ കമ്മിറ്റി അദ്ധ്യക്ഷ ഗായത്രി വി.നായർ നേതൃത്വം നൽകി.സംസ്ഥാന ഉപാദ്ധ്യക്ഷ ആർ.ലക്ഷ്മി,സംസ്ഥാന നേതാക്കളായ രശ്മി,മഞ്ജു വിശ്വനാഥ്,അനിത ജില്ലാ ഭാരവാഹികളായ ജി.ഷീല,ബീന അജിത്,പുഷ്പലീല,ബിന്ദു,ഷെമി നൗഷാദ്,സിതാര രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.