ആര്യനാട്: ജലാശയങ്ങളിലെ ഒഴുക്ക് തടയാതെ അടിത്തട്ട് മുതൽ ഉപരിതലം വരെ ഒഴുകിപ്പോകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കരയിലെത്തിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഉഴമലയ്ക്കൽ പുതുക്കുളങ്ങര നവനീതത്തിൽ വെൽടെക് എൻവയോൺമെന്റൽ സൊല്യൂഷൻ ആൻഡ് ടെക്നോളജിസ് ഉടമ സുനീന്ദ്രൻ. പരിസ്ഥിതി സൗഹൃദ മേഖലയിലെ ഇദ്ദേഹത്തിന്റെ ആശയത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു.
പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിനും അഴുക്കുചാലുകൾ വൃത്തിയാക്കി ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനും സുനീന്ദ്രന്റെ ആശയങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തൽ. ജോയിയുടെ മരണം പോലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുള്ള പരിഹാരമാണ് തന്റെ പ്രവർത്തനമെന്ന് സുനീന്ദ്രൻ പറയുന്നു.
നൂതന ആശയം
നദികളിലൂടെ ഒഴുകി സമുദ്രങ്ങളിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മനുഷ്യ പ്രയത്നമില്ലാതെ ശേഖരിച്ച് ജലാശയങ്ങളെ വൃത്തിയാക്കി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതാണ് സുനീന്ദ്രന്റെ നൂതന ആശയം.
കോർപ്പറേഷൻ പരിധിയിലൂടെ ഒഴുകുന്ന പാർവതീപുത്തനാറിലെ പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ മനുഷ്യപ്രയത്നമില്ലാതെ ശേഖരിച്ച് നീരൊഴുക്ക് സുഖമമാക്കുന്നതിനുള്ള പ്രോജക്ട് സുനീന്ദ്രൻ കോർപ്പറേഷന് നൽകിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
മാലിന്യ വിഷയത്തിൽ അഞ്ചു വർഷക്കാലമായി സുനീന്ദ്രൻ ഗവേഷണം നടത്തുകയാണ്. കേരള സ്റ്റാർട്ടപ് മിഷന്റെ 2020–21ലെ ഇന്നവേഷൻ ഐഡിയഗ്രാന്റ് വിന്നറും 2021-22ൽ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഇന്നോവേഷൻ ഐഡിയഗ്രാന്റും ലഭിച്ചിട്ടുണ്ട്. 2020 ഡിസംബർ 30ന് നൽകിയ അപേക്ഷയിൽ നടപടികൾ പൂർത്തിയാക്കി ഇക്കഴിഞ്ഞ ജൂൺ 26ന് ഇന്റെലക്ച്വൽ പ്രോപ്പർട്ടി ഒഫ് ഇന്ത്യയുടെ പേറ്റന്റ് ലഭിച്ചു. 20വർഷത്തേക്കാണ് പേറ്റന്റ്. ഉപകരണം നിർമ്മിക്കാൻ അധികതുക വേണ്ടിവരുന്നതിനാൽ സർക്കാരിന്റേയോ സർക്കാർ ഇതര കമ്പനികളുടെയോ ഫണ്ട് ലഭിച്ചാലെ കഴിയൂ.
മനുഷ്യപ്രയത്നത്താൽ ഡ്രൈനേജ് ലൈൻ വൃത്തിയാക്കിയപ്പോൾ ഒരു ജീവൻ നഷ്ടപ്പെട്ടു. ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും കോർപ്പറേഷൻ പരിധി ശുചിത്വപൂർണമാക്കുന്നതിനും കോർപ്പറേഷനുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയും.
സുനീന്ദ്രൻ,